ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: എം സി ഖമറുദ്ദീനെ ആശുപത്രിയില്‍ നിന്നു ജില്ലാ ജയിലിലേക്ക് മാറ്റി
കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ് ലിം ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എംഎല്‍എയെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടര്‍ന്ന് അഞ്ചുദിവസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ ഹൃദ്രോഗത്തിന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്നും നിലവിലെ മരുന്ന് തുടര്‍ന്നാല്‍ മതിയെന്നും ഹൃദ്രോഗ വിദഗ്ധന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാത്രിയാണ് വീണ്ടും ജയിലിലേക്കു മാറ്റിയത്. ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് നടപടി. നിരവധി പേരില്‍ നിന്നായി ജ്വല്ലറിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് 130 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് എം സി ഖമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയായ ഇദ്ദേഹത്തിനെതിരേ മാത്രം 110ഓളം കേസുകളുണ്ട്. ലീഗ് പ്രവര്‍ത്തകരും അനുഭാവികളും പ്രവാസികളുമടങ്ങുന്നവരാണ് കൂടുതലായും തട്ടിപ്പിനിരയായത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് പണം വാങ്ങിയ ശേഷം ലാഭവിഹിതം നല്‍കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. കേസിലെ ഒന്നാം പ്രതിയും മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയംഗവുമായ പൂക്കോയ തങ്ങളെ പിടികൂടാന്‍ പോലിസിനായിട്ടില്ല.
എം സി ഖമറുദ്ദീനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്ത ദിവസം പൂക്കോയ തങ്ങളെയും വിളിപ്പിച്ചെങ്കിലും ഇദ്ദേഹം എത്തിയില്ല. തുടര്‍ന്നു അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടി പൂക്കോയ തങ്ങള്‍ക്കെതിരേ പോലിസ് രണ്ടാഴ്ച മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.