ജിതേന്ദ്ര ത്യാഗിയുടെ ഹരിദ്വാര്‍ പ്രസംഗം പ്രത്യേക മതത്തിനെതിരേ യുദ്ധം ചെയ്യാനുള്ള ആഹ്വാനം; രൂക്ഷവിമര്‍ശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി

Update: 2022-03-14 16:44 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹിന്ദുത്വ സന്യാസിമാര്‍ സംഘടിപ്പിച്ച 'ധര്‍മ സന്‍സദ്' പരിപാടിയില്‍ ഹിന്ദുമതം സ്വീകരിച്ച വസിം റിസ്‌വി എന്ന ജിതോന്ദ്ര നാരായണ്‍ സിങ് ത്യാഗി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ജിതേന്ദ്ര ത്യാഗിയുടെ പ്രസംഗം പ്രത്യേക മതത്തിനെതിരേ യുദ്ധം ചെയ്യാനുദ്ദേശിച്ചുള്ളതും ശത്രുത വളര്‍ത്തുന്നതുമായി വിദ്വേഷ പ്രസംഗത്തിന് തുല്യമായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രസംഗത്തില്‍ ഒരു പ്രത്യേക മതത്തിനെതിരേ വലിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് നിസ്സംശയം പറയാം. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പ്രസംഗം.

ഒരു പ്രത്യേക മതത്തില്‍പ്പെട്ട വ്യക്തികളുടെ മതവികാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഇത് ഉദ്ദേശിക്കുന്നു. അത് യുദ്ധം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അത് ശത്രുതയെ പ്രോല്‍സാഹിപ്പിക്കുന്നു. ഇത് വിദ്വേഷ പ്രസംഗമാണ്- ജഡ്ജി രവീന്ദ്ര മൈതാനി ഉത്തരവില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് റിസ്‌വിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി, ത്യാഗിക്കെതിരേ നിര്‍ണായക നിരീക്ഷണം നടത്തിയത്. അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച ഷിയാ വഖഫ് ബോര്‍ഡിന്റെ മുന്‍ ചെയര്‍പേഴ്‌സന്‍ ത്യാഗിയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹരിദ്വാറിലെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ 2022 ജനുവരിയിലാണ് ഉത്തരാഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തത്.

മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന് കീഴില്‍ തനിക്ക് സംരക്ഷണം നല്‍കണമെന്ന റിസ്‌വിയുടെ അഭിഭാഷകന്റെ വാദം ജസ്റ്റിസ് മൈതാനി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം കേവലം അവകാശമല്ലെന്നും ഭരണഘടനയുടെ 19 (2) അനുച്ഛേദത്തില്‍ അടങ്ങിയിരിക്കുന്ന പരിമിതികള്‍ക്ക് വിധേയമാണെന്നും കോടതി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടെന്നും ഈ സ്വാതന്ത്ര്യം സംസ്ഥാനത്തിന് യോഗ്യമായിരിക്കണമെന്നും ഭരണഘടനാ അസംബ്ലിയിലെ ഡോ.ബി ആര്‍ അംബേദ്ക്കറിന്റെ പ്രസംഗവും പ്രവാസി ബാലി സംഘടനാ കേസിലെ സുപ്രിംകോടതി വിധിയും ഉദ്ധരിച്ച് കോടതി പറഞ്ഞു.

ഹരജിക്കാരന്റെ വിവാദ പ്രസ്താവനകള്‍, പുറത്തുവന്ന വീഡിയോ, സമൂഹത്തില്‍ അതുണ്ടാക്കാന്‍ സാധ്യതയുള്ള ആഘാതം എന്നിവ ജാമ്യം അനുവദിക്കാന്‍ അനുയോജ്യമല്ലെന്നാണ് ഈ കോടതിയുടെ നിലപാട്. അതിനാല്‍, ജാമ്യാപേക്ഷ തള്ളുകയാണ്- കോടതി ഉത്തരവിട്ടു. അഭിഭാഷകരായ രാകേഷ് തപ്ലയാല്‍, ലളിത് ശര്‍മ എന്നിവരാണ് ത്യാഗിക്കു വേണ്ടി ഹാജരായത്. അഡീഷനല്‍ ഗവണ്‍മെന്റ് അഡ്വക്കേറ്റ് (എജിഎ) പ്രതിരൂപ് പാണ്ഡെയാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്. ഹരജി നല്‍കിയ നദിം അലിക്ക് വേണ്ടി അഭിഭാഷകന്‍ പ്രണവ് സിങ് ഹാജരായി.

Tags:    

Similar News