ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം
ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു.ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ മരുമകനാണ്.ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. അതിന്റെ സ്ഥാപക ഉടമയായിരുന്നു.കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അസംബിള്‍ ചെയ്തിരുന്ന ചെറുയൊരു സംരംഭത്തില്‍നിന്നാണ് നമ്പ്യാരുടെ തുടക്കം. വിദേശ കമ്പനികളിലടക്കം ജോലിചെയ്ത അനുഭവ പരിചയവുമായാണ് അദ്ദേഹം സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ വേഗം അദ്ദേഹം ഇന്ത്യയിലെ ടെലികോം - ഇലക്ട്രോണിക് ഉപകരണ നിര്‍മാണ രംഗത്ത് സാന്നിധ്യമുറപ്പിച്ചു.
1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണ രംഗത്തെ അതികായരായി മാറി.1965-ലാണ് ഇംഗ്ലണ്ടിലെ ബിപിഎല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലും ബിപിഎല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്. മൂന്ന് ദശാബ്ദംകൊണ്ട് ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്ന മേഖലയില്‍ ബിപിഎല്‍ എന്നാം നിരയിലേക്ക് ഉയര്‍ന്നു. ജപ്പാനിലെ സാന്യോ അടക്കമുള്ള വമ്പന്‍ കമ്പനികളുമായി അദ്ദേഹം കൈകോര്‍ത്തിരുന്നു. 1998 ല്‍ 2500 കോടിയിലധികമായി കമ്പനിയുടെ വരുമാനം. കമ്പനിയുടെ ആസ്തികളും ഇക്കാലത്ത് കുതിച്ചുയര്‍ന്നു. 200 ഓളം ഉത്പന്നങ്ങള്‍ ഒരുകാലത്ത് ബിപിഎല്‍ വിപണിയില്‍ എത്തിച്ചിരുന്നു. സംസ്‌ക്കാരം നാളെ ബെംഗളൂരു കല്‍പ്പള്ളി ശ്മശാനത്തില്‍ വച്ച് നടക്കും.