ധന്‍ബാദ്: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം)യുടെ മുതിര്‍ന്ന നേതാവിനെയും ഭാര്യയെയും ധന്‍ബാദ് ജില്ലയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) ധന്‍ബാദ് ടൗണ്‍ വൈസ് പ്രസിഡന്റ് ശങ്കര്‍ റവാനി(50), ഭാര്യ ബാലികാദേവി(45) എന്നിവരെയാണ് ഭൗര വില്ലേജിലെ വീട്ടില് വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതെന്നു ധാന്‍ബദ് സിറ്റി പോലിസ് സൂപ്രണ്ട് രാംകുമാര്‍ പറഞ്ഞു.
ധന്‍ബാദ് ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഭൗറ പോലിസ് ഒട്ട്പോസ്റ്റിനു കീഴിലുള്ള ഗൗര്‍ഖുണ്ടി നിവാസികളാണ് ഇവര്‍. ഒറ്റനില വീടിന്റെ വാതിലുകള്‍ രാവിലെ പൂട്ടിയിട്ടിരിക്കുന്നതായി മനസ്സിലാക്കിയ അയല്‍വാസികള്‍ നിരവധി തവണ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്നാണ് പോലിസിനെ അറിയിച്ചത്. മുറിയില്‍ നിന്ന് ഒമ്പത് എംഎം പിസ്റ്റളും കത്തിയും കണ്ടെടുത്തതായും 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് അയല്‍വാസികള്‍ വിവരം പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് സിന്ധ്രി ഡിഎസ്പി എസ് കെ സിന്‍ഹയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
ചക്രധാര്‍പൂരില്‍ ചെറുകിട വ്യാപാരിയായ മകന്‍ കരണ്‍ റവാനി എത്തിയശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. വീടിനു ചുറ്റും നിരവധി ലേഖനങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസി പറഞ്ഞതായി ദി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. ശങ്കറിന്റെയും അദ്ദേഹത്തിന്റെ കസിന്‍ ധീരന്‍ റാവാനിയുടെയും മറ്റ് കല്‍ക്കരി ഔട്ട്സോഴ്‌സിങ് കരാറുകാരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നും സുരക്ഷ ആവശ്യപ്പെട്ട് ശങ്കര്‍ ധന്‍ബാദ് പോലിസിന് കത്തെഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചില്ലെന്നും ശങ്കര്‍ റാവാനിയുമായി അടുത്ത ബന്ധമുള്ള ജെഎംഎം പ്രവര്‍ത്തകനായ ശ്രാംദേവ് സിങ് ചന്ദ്രവാണി പറഞ്ഞു. വ്യാപാര പങ്കാളിയും മുന്‍ അയല്‍വാസിയുമായ ശങ്കര്‍ റവാനിയുടെ കസിന്‍ 2017 ആഗസ്ത് 18 നു കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തില്‍ പ്രതിയായ ശങ്കര്‍ റവാനിയുടെ മകന്‍ കുനാല്‍ റവാനി (25) അതേ ദിവസം തന്നെ പ്രകോപിതരായ ജനക്കൂട്ടത്താല്‍ കൊല്ലപ്പെട്ടു.
80 കളുടെ അവസാനത്തില്‍ ഗൗര്‍ഖുണ്ടിയില്‍ ശങ്കറും ധീരനും ലോട്ടറി ബിസിനസ്സ് തുടങ്ങിയിരുന്നു. പിന്നീട് 90 കളുടെ തുടക്കത്തില്‍ നാഗ്മണി എന്ന നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി സ്ഥാപിച്ചു. ധീരനും ശങ്കറും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിരിയുകയും ചെയ്തു. ശേഷം ശങ്കര്‍ സ്വന്തമായി ഒരു ചിറ്റ് ഫണ്ട് കമ്പനി റെയിന്‍ബോ സ്ഥാപിക്കുകയും പിന്നീട് റെയിന്‍ബോ സ്മാര്‍ട്ട് കോ-ഓപറേറ്റീവ് സൊസൈറ്റി എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ധന്‍ബാദിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ ഇരുവരും പരസ്പരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.