സോറന്റെ ജനപ്രീതി ബിജെപി ഭയക്കുന്നു: ജെഎംഎം

Update: 2024-07-09 06:18 GMT

റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജനപ്രീതി ബിജെപിയെ ഭയപ്പെടുത്തുന്നുവെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ജാര്‍ഖണ്ഡ് ഹൈക്കോടതി സോറന് ജാമ്യം അനുവദിച്ചതിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രിം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ജെഎംഎമ്മിന്റെ പ്രതികരണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരേ ഇഡി കേസ് ഫയല്‍ ചെയ്തിരുന്നു. 2024 ജനുവരി 31ന് ഇഡി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് തന്നെ അദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ ജൂണ്‍ 28ന് അദ്ദേഹം ജയില്‍ മോചിതനാവുകയും ജൂലൈ 4നു നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

    'സോറന്റെ ജാമ്യം റദ്ദാക്കാന്‍ ഇഡി സുപ്രിം കോടതിയെ സമീപിച്ചത് ബിജെപിയുടെ നിര്‍ദേശപ്രകാരമാണെന്ന് സംശയിക്കേണ്ടതുണ്ട്. അദ്ദേഹത്തിനെതിരേ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം'-ജെഎംഎം വക്താവ് മനോജ് പാണ്ഡേ പറഞ്ഞു. 'ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത് ബിജെപിക്ക് ദഹിക്കുന്ന ഒന്നല്ല. സോറന്റെ ജനപ്രീതി അവരെ ഭയപ്പെടുത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ ഗൂഢാലോചന മെനഞ്ഞെടുക്കാനാണ് അവരുടെ നീക്കം'-പാണ്ഡേ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഒടുവിലാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുകൊണ്ടാണ് ജെഎംഎമ്മിനെതിരായ ചരടുവലികള്‍ ബിജെപി മുതിരുന്നത് എന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാണ്.

Tags:    

Similar News