ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയ സുപ്രിംകോടതി വിധി മറികടക്കാന്‍ ബൈഡന്‍; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു
വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം അസാധുവാക്കിയ അമേരിക്കന്‍ സുപ്രിംകോടതി വിധി മറികടക്കാനും ഗര്‍ഭഛിദ്ര സേവനങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. സ്ത്രീകള്‍ക്ക് ഗര്‍ഭം തടയുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാക്കാനും ഗര്‍ഭഛിദ്രം വേണ്ടിവരുന്ന അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും ഉത്തരവിലൂടെ പ്രസിഡന്റ് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കുന്നു. സംസ്ഥാന അതിര്‍ത്തികളിലെ മൊബൈല്‍ അബോര്‍ഷന്‍ ക്ലിനിക്കുകളെ സംരക്ഷിക്കുമെന്നും ഉത്തരവിലൂടെ ബൈഡന്‍ വ്യക്തമാക്കി.
ഗര്‍ഭഛിദ്രത്തിനുള്ള അവകാശം അസാധുവാക്കിയ അമേരിക്കന്‍ സുപ്രിംകോടതി വിധി 'പ്രാകൃത രാഷ്ട്രീയ അധികാര' പ്രയോഗമാണെന്നാണ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. യുഎസില്‍ ഗര്‍ഭചിദ്രത്തിന് നിയമസാധുത നല്‍കിയിരുന്ന വിധി അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ മാസമാണുണ്ടായത്. 1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്.
അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് സമ്പൂര്‍ണ അവകാശം നല്‍കുന്നതായിരുന്നു റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി. തീരുമാനത്തിന് ശേഷം നടപടിയെടുക്കാന്‍ ഡെമോക്രാറ്റായ ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗര്‍ഭഛിദ്രം നിയന്ത്രിക്കുന്ന നിയമങ്ങള്‍ യുഎസ് സംസ്ഥാനങ്ങള്‍ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിനാല്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതമാണ്.
'ഭരണഘടനാപരമായ വിധിയല്ല അത്, പ്രാകൃത രാഷ്ട്രീയ അധികാരത്തിന്റെ പ്രയോഗമായിരുന്നു,' വിധിയെ ഉദ്ധരിച്ച് ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 'ഞങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും സ്വയംഭരണവും ഇല്ലാതാക്കുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ തീവ്രവാദ ഘടകങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുപ്രിംകോടതിയെ ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല' എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സ്ത്രീകളുടെ ശക്തിയെക്കുറിച്ച് കോടതിക്കോ റിപബ്ലിക്കന്‍മാര്‍ക്കോ ധാരണയുണ്ടെന്ന് താന്‍ കരുതുന്നില്ല,' സ്ത്രീകളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി നവംബറില്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ റെക്കോര്‍ഡ് സംഖ്യയില്‍ പങ്കെടുക്കുമെന്നും ബൈഡന്‍ പറഞ്ഞു. ബലാല്‍സംഗത്തിനിരയായ ഒഹായോയിലെ 10 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഇന്ത്യാനയിലേക്ക് പോവേണ്ടിവന്ന സമീപകാല റിപോര്‍ട്ടുകളും അദ്ദേഹം ഉദ്ധരിച്ചു.
അതേസമയം, പുരോഗമന നിയമനിര്‍മാതാക്കളും ഗര്‍ഭച്ഛിദ്ര അവകാശ ഗ്രൂപ്പുകളും എക്‌സിക്യൂട്ടീവ് ഉത്തരവിനെ സ്വാഗതം ചെയ്തു. സെനറ്റര്‍ എലിസബത്ത് വാറന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെ 'നിര്‍ണായകമായ ആദ്യപടികള്‍' എന്ന് വിളിക്കുകയും ഗര്‍ഭഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ലഭ്യമായ എല്ലാ സാധ്യതകളും കണ്ടെത്താന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, വിധിക്കെതിരേ വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ ഉയര്‍ന്നുവന്നത്.