ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കോ...?; ഇന്നറിയാം

Update: 2020-10-14 03:31 GMT

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു ഇന്ന് വിരാമമിടുമെന്ന് റിപോര്‍ട്ട്. കോട്ടയത്ത് ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നേതൃയോഗത്തില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. അവസാന നിമിഷത്തെ അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ജോസി കെ മാണി പക്ഷം ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നേരത്തേ നിശ്ചയിച്ചിരുന്ന നേതൃയോഗം ജോസ് കെ മാണി വിഭാഗം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി നിരവധി തവണ ചര്‍ച്ച നടത്തിയെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം, ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിന് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐ നിലപാട് മയപ്പെടുത്തിയതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതായിരിക്കും കേരള കോണ്‍ഗ്രസ്(എം) നിലപാടെന്ന് നേരത്തേ ജോസ് കെ മാണി പറഞ്ഞിരുന്നു.




Tags:    

Similar News