കേരളീയ സമൂഹത്തിന് അപമാനമായ ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണം: എഐഎസ്എഫ്

എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്നും തല്‍സ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Update: 2021-06-24 13:17 GMT

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരേ സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് രംഗത്ത്. എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്നും തല്‍സ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരികച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗൗരവതരമായി കാണണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാന്‍ ശ്രമിക്കുന്ന അധ്യക്ഷ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. ഒരു ചാനല്‍ ചര്‍ച്ചക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ജോസഫൈന്‍ ക്ഷുഭിതയാവുകയായിരുന്നു.

പരാതിയുമായി പോലിസിനോ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയ സ്ത്രീയോട് എന്നാല്‍ അനുഭവിച്ചോ എന്നായിരുന്നു അവരുടെ മറുപടി.ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഭരണകക്ഷിയായ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന തന്നെ ജോസഫൈനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

Tags:    

Similar News