ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: അഡ്വ.സൈബി ജോസിന്റെ ഓഫിസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അഡ്വ.സൈബി ജോസിന്റെ ഓഫിസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സൈബിക്ക് ഉടന്‍ നോട്ടിസ് നല്‍കും. ലാപ്‌ടോപ്പ് വിശദമായി പരിശോധിക്കുന്നതിലൂടെ കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കേസില്‍ നേരത്തെ നിര്‍മാതാവിനെയും ഭാര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ ജാമ്യനടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മാതാവില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിര്‍മാതാവ്. അതേസമയം, പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സൈബി ജോസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി ഫയല്‍ ചെയ്തിരുന്നു.