'പെട്രോള്‍ പമ്പുടമയില്‍നിന്ന് കൈക്കൂലി'; പേരാമ്പ്രയിലെ ബിജെപി യോഗത്തില്‍ കൂട്ടത്തല്ല്, ആരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു
കോഴിക്കോട്: പെട്രോള്‍ പമ്പുടമയില്‍ നിന്ന് നേതാക്കള്‍ കൈക്കൂലി വാങ്ങിയതിനെച്ചൊല്ലി ബിജെപി യോഗത്തില്‍ രൂക്ഷമായ വാക്കേറ്റവും കൂട്ടത്തല്ലും. പേരാമ്പ്രയില്‍ ചേര്‍ന്ന യോഗത്തിലാണ് നേതൃത്വത്തിനെതിരേ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് പ്രവര്‍ത്തകരെത്തിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പേരാമ്പ്ര- കുറ്റിയാടി റൂട്ടില്‍ സംസ്ഥാന പാതയോരത്ത് ബിജെപി പ്രവര്‍ത്തകന്‍ പ്രജീഷിന്റെ ഉടമസ്ഥതയില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികള്‍ പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
യോഗത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി എം മോഹനന്‍ ഇടപെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ ശാന്തരായത്. പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു യോഗം. പെട്രോള്‍ പമ്പിനെതിരായ സമരം അവസാനിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ 1.10 ലക്ഷം രൂപ വിവിധ തവണകളായി ആദ്യം വാങ്ങിയെന്നും വീണ്ടും ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിയുമായി എത്തിയെന്നുമായിരുന്നു പരാതി. തുക വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും ശബ്ദരേഖയും പ്രജീഷ് പുറത്തുവിട്ടിരുന്നു.
കല്ലോട് പമ്പ് തുടങ്ങാന്‍ ജോലിയാരംഭിക്കുന്ന സമയത്ത് എതിര്‍പ്പുമായിവന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഇവിടെ സ്ഥലം മണ്ണിട്ടുനികത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് വീണ്ടും പണമാവശ്യപ്പെട്ടെതെന്നാണ് വിവരം. അവിടെ മണ്ണിടിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപയാണ് ബിജെപി ജില്ലാ സെക്രട്ടറി മോഹനന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ദേവര്‍കോവിലില്‍ പ്രജീഷിന് മറ്റൊരു പെട്രോള്‍ പമ്പുണ്ട്. ബിജെപി നേതാക്കള്‍ ഇവിടെയെത്തി 1,10,000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പ്രജീഷ് പുറത്തുവിട്ടത്. മണ്ഡലം ഭാരവാഹികള്‍ക്ക് ഉള്‍പ്പെടെ മര്‍ദ്ദനമേറ്റതായാണ് വിവരം.
ബിജെപി നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ബിജെപി യോഗത്തിലുണ്ടായ കൈയാങ്കളിയെക്കുറിച്ചും അന്വേഷണ സമിതി പരിശോധിക്കും. അതേസമയം, യോഗത്തിലേക്ക് ചിലര്‍ നുഴഞ്ഞുകയറിയെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിക്കുന്നു. 'സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗം നടക്കുന്നതെന്ന് കരുതി, യോഗത്തിലേക്ക് ചില ആളുകള്‍ വന്നു. അവരെ അനുയയിപ്പിച്ച് തിരിച്ചയക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതിനെയാണ് കൈയാങ്കളിയെന്ന് വാര്‍ത്തയാക്കുന്നത്.
യോഗത്തിലേക്ക് അവര്‍ എങ്ങനെ എത്തിയെന്നും ആരാണ് അവരെ അയച്ചതെന്നും അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്'- ബിജെപി ജില്ലാ സെക്രട്ടറി വി കെ സജീവന്‍ പറഞ്ഞു. കൈക്കൂലി ആരോപണമുന്നയിച്ചയാആള്‍ പാര്‍ട്ടിയുടെ അംഗത്വമുള്ളയാളാണ്. ഇതുസംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടി ഫണ്ടിലേക്ക് പണം പിരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.