മീ ടു വെളിപ്പെടുത്തല്‍: എം ജെ അക്ബറിന്റെ മാനനഷ്ടക്കേസില്‍ പ്രിയാ രമണിക്ക് ജാമ്യം

10000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.

Update: 2019-02-25 11:37 GMT

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാന നഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്ക് ജാമ്യം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് പ്രിയാ രമണിക്ക് ജാമ്യം അനുവദിച്ചത്. പ്രിയാ രമണിയുടെ മീടു ആരോപണം അടിസ്ഥാന രഹിതമാണെന്നും അത് തനിക്ക് മാനക്കേട് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എംജെ അക്ബര്‍ കോടതിയെ സമീപിച്ചത്.

10000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. തന്റെ പ്രതിരോധം സത്യമാണെന്ന് ജാമ്യം ലഭിച്ച ശേഷം പ്രിയാ രമണി മാധ്യമങ്ങളോട് പ്രതികരിച്ചു.

മാധ്യമരംഗത്ത് ഒപ്പം പ്രവര്‍ത്തിക്കുന്നതിനിടെ എം ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രിയാ രമണിയുടെ ആരോപണം.ഇതിന് പിന്നാലെ വിദേശ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ആരോപണവുമായി രംഗത്ത് എത്തിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ എംജെ അക്ബറിന് കേന്ദ്രമന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. എല്ലാ തവണയും വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് പ്രിയാ രമണി കോടതിയില്‍ വാദിച്ചു. മോശം അനുഭവം തുറന്ന് പറഞ്ഞതിന്റെ പേരില്‍ കോടതിയില്‍ കയറി ഇറങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രിയ വ്യക്തമാക്കി. എന്നാല്‍ പ്രിയാ രമണിയുടെ ആവശ്യത്തെ എം ജെ അക്ബറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

Tags:    

Similar News