മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെയുഡബ്ല്യുജെ

Update: 2021-04-07 16:25 GMT

കണ്ണൂര്‍: പാനൂര്‍ മുക്കില്‍ പീടികയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കടവത്തൂര്‍ മുക്കില്‍ പീടികയില്‍ നിന്നു വാര്‍ത്ത നല്‍കുന്നതിനിടെ മുസ് ലിം ലീഗുകാരായ ഒരുസംഘം ഒരു പ്രകോപനവുമില്ലാതെയാണ് വാര്‍ത്താസംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. റിപോര്‍ട്ടര്‍ സി കെ വിജയനെയും ഡ്രൈവറെയും ഒരു സംഘം കൈയേറ്റം ചെയ്തു പരിക്കേല്‍പ്പിച്ചു. വാര്‍ത്താസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസുകള്‍ അക്രമികള്‍ തകര്‍ത്തു. കാമറ പിടിച്ചുവാങ്ങി നശിപ്പിച്ചു.

    മാതൃഭൂമി സംഘത്തിന് നേരെയുണ്ടായ അക്രമം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. സംഘര്‍ഷ മേഖലകളിലടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. ഇന്നു രാവിലെയാണ് മാതൃഭൂമി ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സി കെ വിജയന്‍, കാമറമാന്‍ വിനോദ് മൊറാഴ, ഡ്രൈവര്‍ അസ് ലം നാറാത്ത് എന്നിവരെ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

Journalists attacked: KUWJ demands immediate arrest of accused

Tags:    

Similar News