ചെലവേറിയ നിയമ പോരാട്ടങ്ങള്‍ സാധാരണക്കാരന് അപ്രാപ്യമെന്ന് രാഷ്ട്രപതി
മുതിര്‍ന്ന അഭിഭാഷകനായ അശോക് സെന്നിന്റെ പാത പിന്തുടര്‍ന്ന് നിയമ വിദഗ്ധര്‍ ആവശ്യമുള്ളവര്‍ക്കായി അറിവ് വിനിയോഗിക്കുമെന്നാണു പ്രതീക്ഷയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ജോധ്പൂര്‍: എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടനാ താല്‍പര്യമെങ്കില്‍ നിയമ പോരാട്ടങ്ങള്‍ സാധാരണക്കാരന് അപ്രാപ്യമായിരിക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോടതി നടപടികള്‍ ചെലവേറിയതും സാധാരണക്കാരന് അപ്രാപ്യവുമാണ്. പ്രത്യേകിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അത് ഏറെ വിദൂരമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിവ്യവഹാരത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്ന വലിയ തുകകളെക്കുറിച്ച് മഹാത്മഗാന്ധിക്ക് വരെ ആശങ്കയുണ്ടായിരുന്നുവെന്നും ദരിദ്രരില്‍ ദരിദ്രരായവരുടെ ക്ഷേമത്തിനാണ് ഗാന്ധിജി പ്രാധാന്യം നല്‍കിയിരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനായ അശോക് സെന്നിന്റെ പാത പിന്തുടര്‍ന്ന് നിയമ വിദഗ്ധര്‍ ആവശ്യമുള്ളവര്‍ക്കായി അറിവ് വിനിയോഗിക്കുമെന്നാണു പ്രതീക്ഷയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.