അധികൃതരുടെ നിരന്തര അവഗണനയ്ക്കിരയായ ദലിത് കുടുംബത്തിനു ഒടുവില്‍ നീതി
തുണയായത് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍
പരപ്പനങ്ങാടി: അധികൃതരുടെ നിരന്തര അവഗണനയ്ക്കിരയായി ദുരിതജീവിതം നയിച്ചിരുന്ന ദലിത് കുടുംബത്തിനു ഒടുവില്‍ നീതി. പരപ്പനങ്ങാടി നഗരസഭയിലെ 18ാം ഡിവിഷന്‍ കരിങ്കല്ലത്താണിയിലെ തറയിലൊടി വാസു-യശോദ ദമ്പതികളുടെ കുടുംബത്തിനാണ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായത്. കുടുംബത്തിന്റെ ദയനീയാവസ്ഥ നരത്തെ തേജസ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു. കുടുംബസ്വത്തായി ലഭിച്ച കരിങ്കല്ലത്താണിയിലെ മൂന്ന് സെന്റ് ഭൂമിയില്‍ വീട് ലഭിക്കാന്‍ ഭൂമിയുടെ തരം തിരിച്ച് നല്‍കാത്തതു കാരണം ഓലഷെഡില്‍ വര്‍ഷങ്ങളായി മൂന്ന് കുട്ടികളുമായി കഴിയുകയായിരുന്നു കുടുംബം.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, വില്ലേജ് ഓഫിസ്, കൃഷി ഭവന്‍, താലൂക്ക് ഓഫിസ്, ആര്‍ഡി ഓഫിസ് തുടങ്ങിയ ഇവര്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ ഹമീദും സലാമും ഇടപെട്ട് പരാതി നല്‍കി. ദലിത് കുടുംബത്തിന്റെ ദയനീയതയ്ക്കു നേരെ അധികാരികളെ കണ്ണ് തുറപ്പിച്ച് തേജസ് ന്യൂസ് റിപോര്‍ട്ട് ചെയ്തതോടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നെടുവ വില്ലേജ് ഓഫിസര്‍ ഇവരുടെ വീട്ടിലെത്തി നടപടികള്‍ക്ക് തുടക്കം കുറിച്ചു. തൊട്ടടുത്ത സ്ഥലത്തെല്ലാം സര്‍ക്കാര്‍ പദ്ധതിയില്‍ വീടുകള്‍ ലഭിച്ചതിനെ കുറിച്ചു ചൂണ്ടിക്കാട്ടിയതോടെ അധികൃതര്‍ക്കു മിണ്ടാട്ടം മുട്ടുകയായിരുന്നു.
2018ല്‍ നല്‍കിയ അപേക്ഷയിലെ സാങ്കേതിക പോരായ്മ പരിഹരിഹരിച്ച് മറ്റൊരു അപേക്ഷ കൂടി ആര്‍ഡിഒയ്ക്കു നല്‍കി. ഇതേത്തുടര്‍ന്ന് കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കി. വികസനത്തിന്റെ പെരുമഴയെന്ന് കൊട്ടിയാഘോഷിക്കുന്ന മേഖലയില്‍ ഒരു നിര്‍ധന കുടുംബത്തിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ പിന്നെ ഭീഷണി സ്വരങ്ങളായും ചിലരെത്തി. അവസാനം ഞങ്ങടെ കാല് പിടിക്കേണ്ടി വരുമെന്നും എന്ത് പരാതി നല്‍കിയാലും പെട്ടെന്ന് കാര്യം നടപ്പാവില്ലെന്നുമായിരുന്നു ഭീഷണി. ഓഫിസുകള്‍ കയറാന്‍ തുടങ്ങിയതും വാര്‍ത്തയും ഉയര്‍ത്തിക്കാട്ടി നാടോടിക്കാറ്റിലെ വിജയനും ദാസനുമെന്നായിരുന്നു ഹമീദിനും സലാമിനും നേരിടേണ്ടി വന്ന പരിഹാസം. എന്നാല്‍ ആക്ഷേപങ്ങളൊന്നും വകവയ്ക്കാതെ നിരന്തരം അധികാരികളെ ഉണര്‍ത്തുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും കൃഷിഭൂമിയല്ലെന്ന റിപോര്‍ട്ട് ആര്‍ഡിഒയ്ക്ക് കൈമാറുകയും ചെയ്തു. ഇത് തിരൂര്‍ ആര്‍ഡി ഓഫിസില്‍ ലഭിച്ചെങ്കിലും പിന്നെയും കൊറോണയുടെ പേരില്‍ ചുവപ്പുനാടയില്‍ കുടുങ്ങി. മൂന്നുദിവസം മുമ്പ് ആര്‍ഡിഒയ്ക്കു മുന്നില്‍ വിഷയം ധരിപ്പിച്ചതോടെയാണ് നീണ്ടകാലത്തെ അവഗണനയ്ക്കു അറുതിയാവുന്നത്.
ഇന്നു രാവിലെ തിരൂരിലേക്ക് വിളിച്ചുവരുത്തി ഭൂമി തരം തിരിച്ച ഉത്തരവ് ഹമീദിന്റെയും സലാമിന്റെയും സാന്നിധ്യത്തില്‍ വാസുവിന് കൈമാറി. വെറും ഒരു മാസത്തെ നടപടിക്രമങ്ങള്‍ വേണ്ടിടത്ത് വര്‍ഷങ്ങളായി വട്ടം കറക്കിയത് എന്തിനെന്ന ചോദ്യം മാത്രം ഇപ്പോഴും ബാക്കിയാണ്. ദലിത് കുടുംബത്തിനുമുനിസിപ്പാലിറ്റിയില്‍ വീട് അനുവദിച്ചെന്നാണു പറയുന്നതെങ്കിലും അതിനും വര്‍ഷങ്ങള്‍ അലയേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദമ്പതികള്‍. ഭൂമി തരംതിരിച്ച ഉത്തരവുമായി പ്രദേശത്തെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ഹമീദിനും സലാമിനും വാസുവിനെ സാന്നിധ്യത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ച് സ്വീകരിച്ചു. തുണയായത് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ബോധ്യപെടുത്തിയതോടെയും, ഇതെല്ലാം കാണിച്ച് അധികാരികളെ ഈ പാവങ്ങള്‍ക്ക് നേരെ കണ്ണുകള്‍ തുറക്കു എന്ന പേരില്‍ തേജസ്ഫീച്ചര്‍ ചെയ്തതോടെയുമാണ് വിഷയം ചൂട് പിടിച്ചത്.