കെഎംബിക്ക് നീതി; കെയുഡബ്ല്യുജെ പ്രക്ഷോഭത്തിലേക്ക്

കെ എം ബഷീറിന് നീതി ഉറപ്പാക്കും വരെ വിശ്രമമില്ലാത്ത പോരാട്ടത്തിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ ഉറച്ച തീരുമാനം

Update: 2019-08-06 14:51 GMT

കോഴിക്കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ ലക്കുകെട്ട് അമിത വേഗതയില്‍ കാറോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ വഴിവിട്ട് സഹായിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ച പോലിസിനെതിരേ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) സംസ്ഥാന കമ്മിറ്റി അറിയിച്ചു. അധികാരത്തിന്റെ ഹുങ്കും സൗകര്യവും ഉപയോഗപ്പെടുത്തി കേസ് അട്ടിമറിച്ചാണ് മൂന്നാംപക്കം ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യം നേടിയത്. എല്ലാ ജില്ലകളിലും ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങാതെ ഇനി നീതി ലഭിക്കില്ലെന്നുറപ്പായിരിക്കുന്നു. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് പാവം മാധ്യമ പ്രവര്‍ത്തകനെ ഇല്ലാതാക്കിയ ഉന്നത ഉദ്യോഗസ്ഥനെ സഹായിക്കുന്ന അത്യന്തം ഹീനമായ നടപടി ജനാധിപത്യ സമൂഹത്തിനാകെ അപമാനമാണ്. കെ എം ബഷീറിന് നീതി ഉറപ്പാക്കും വരെ വിശ്രമമില്ലാത്ത പോരാട്ടത്തിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ ഉറച്ച തീരുമാനം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരജ്വാല ഉയരണം.


നിതാന്ത ജാഗ്രതയോടെ നമ്മള്‍ നിലയുറപ്പിച്ചാണ് ഐഎഎസ് ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ വഴിവിട്ട നീക്കങ്ങളെ ഇത്രയെങ്കിലും തടയിടാനായത്. ഭരണകൂടത്തെയും പൊതുസമൂഹത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി. എന്നാല്‍, ഇപ്പോഴും പ്രതിക്ക് അനുകൂലമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശക്തമായ പ്രക്ഷോഭത്തിലൂടെ കെഎംബിക്ക് നീതി പിടിച്ചുവാങ്ങുംവരെ ജാഗ്രത തുടരും. പ്രതിഷേധത്തിന്റെ രീതിയും സ്വഭാവവും നിശ്ചയിക്കാന്‍ സംസ്ഥാന ഭാരവാഹികളുടെയും അവൈലബിള്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും അടിയന്തര യോഗം ബുധനാഴ്ച ഉച്ചയ്ക്കു 12ന് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ ചേരുമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ അറിയിച്ചു.

    പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പോലിസ് ആസ്ഥാനത്തേക്ക് കെയുഡബ്ല്യുജെയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ജില്ലാ സെക്രട്ടറി കിരണ്‍ബാബു, തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകരായ അരവിന്ദ്, ബിജു ചന്ദ്രശേഖര്‍, രാജീവ്, മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.





Tags:    

Similar News