സുപ്രിംകോടതിയുടെ 49ാം ചീഫ് ജസ്റ്റിസായി യു യു ലളിത്; ഇന്ന് സ്ഥാനമേല്‍ക്കും
ഇന്ത്യയുടെ 49 ാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുയാണ് യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രിംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക ഷെയിഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകന്‍ ലളിതയായിരുന്നു. അമിത് ഷാ പ്രതിയായ നിരവധി കേസുകളില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് ലളിത്. ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് നടന്ന പല കസ്റ്റഡികൊലപാതകങ്ങളിലും അമിത് ഷാ നേരിട്ട് പ്രതിയായിരുന്നു. ആ കേസുകളില്‍ പലതിലും അമിത് ഷായെ പ്രതിനിധീകരിച്ചത് ഇപ്പോള്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കാനിരിക്കുന്ന ജസ്റ്റിസ് ലളിതാണ്. സുപ്രിംകോടതിയിലേക്ക് നേരിട്ട് അഭിഭാഷകനായി ശുപാര്‍ശ ചെയ്യപ്പെട്ട ലളിത് ഈ രീതിയില്‍ എത്തി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്ന രണ്ടാമത്തെയാളാണ്. 2014 മെയില്‍ കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസത്തിനുള്ളിലാണ് ജസ്റ്റിസ് ലളിതിനെ സുപ്രിംകോടതിയിലേക്ക് നേരിട്ട് നിയമിക്കുന്നത്. അതേസമയം ജസ്റ്റിസ് ലളിതിന്റെ നിയമനത്തില്‍ അത്തരം ഘടനകങ്ങളൊന്നുമില്ലെന്ന് കരുതുന്നവരുമുണ്ട്. അദ്ദേഹത്തിന്റെ പല വിധികളും ഈ രീതിയില്‍ കാണാനാവില്ലെന്ന് അവര്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദയ് ഉമേഷ് ലളിത്. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് ജസ്റ്റിസ് ലളിത് മുപ്പത്തിയൊമ്പത് വര്‍ഷത്തിനിപ്പുറം പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നു. 1957 നവംബര്‍ 9നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം. പിതാവും മുന്‍ ജഡ്ജിയുമായിരുന്നയു ആര്‍ ലളിതിന്റെ പാതപിന്‍തുടര്‍ന്നാണ് നിയമപഠനത്തിന്റെ പടികയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വര്‍ഷം തട്ടകം ദില്ലിക്ക് മാറ്റി. 2004ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി.
ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്‍ഘനാള്‍ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയില്‍ അഭിഭാഷകനിരിക്കെ അതെ കോടതിയില്‍ ജഡ്ജിയായി പിന്നീട് ചീഫ് ജസ്റ്റിസാകുവെന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. ചീഫ് ജസ്റ്റിസായിരുന്ന എസ് എം സിക്രിയാണ് ലളിതിന് മുന്‍പ് സമാനരീതിയില്‍ ഈ പദവിയിലെത്തിയത്.
സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ലളിത്. ഷൊറാബുദ്ദീന്‍ ഷെയിഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകന്‍ ലളിതയായിരുന്നു. 2ജി സെപക്ട്രം കേസില്‍ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു. ജഡ്ജിയായിരിക്കെ മുത്തലാഖ്, ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്‌സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബഞ്ചില്‍ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണ്ണായകമായ ലാവലിന്‍ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.