കെ എം അഭിജിത്ത് കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവച്ചു

Update: 2022-10-20 02:43 GMT

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് കെ എം അഭിജിത്. ഫേസ്ബുക്കിലൂടെയാണ് അഭിജിത് രാജി പ്രഖ്യാപനം നടത്തിയത്. അധ്യക്ഷ പദവിയില്‍ നിന്നുള്ള പടിയിറക്കം മുമ്പേ തീരുമാനിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതുമാണെന്ന് അഭിജിത് കുറിച്ചു. ഇങ്ങനെയായിരുന്നില്ലെങ്കില്‍ പോലും അനിവാര്യമായതിനാല്‍ 'രാജി'യിലൂടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നും പടിയിറങ്ങിയിരിക്കുന്നു. ഇന്നോളം പിന്തുണച്ചും സഹകരിച്ചും വിമര്‍ശിച്ചും കൂടെയുണ്ടായിരുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും നേതാക്കളോടുമുള്ള സ്‌നേഹം പങ്കുവയ്ക്കുന്നതായും നന്ദി അറിയിക്കുന്നതായും അഭിജിത്ത് പറഞ്ഞു.

'നിങ്ങള്‍ മനസ്സറിഞ്ഞ് ഒരുതവണയെങ്കിലും കെഎസ്‌യുക്കാരനായിട്ടുണ്ടോ. മരണം വരെയും നിങ്ങളൊരു കെഎസ്‌യുക്കാനായിരിക്കും' മുന്‍ഗാമികള്‍ പറഞ്ഞുവച്ച വാക്കുകള്‍ തന്റെ ജീവിതത്തിലും ആവര്‍ത്തിക്കപ്പെടും- അഭിജിത്ത് കുറിക്കുന്നു. 2017 ഫെബ്രുവരിയിലാണ് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നത്. യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ജീവമായിരുന്ന 2017-19 കാലത്ത് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കെഎസ്‌യുവാണ് പ്രതിപക്ഷത്തിന്റെ സമരമുഖമായി പ്രവര്‍ത്തിച്ചത്.

രണ്ടുവര്‍ഷമായിരുന്നു കാലാവധി. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പുനസ്സംഘടന നടക്കാത്തതില്‍ കെഎസ്‌യുവില്‍ പ്രതിഷേധം ശക്തമായിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് അഭിജിത് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. എ ഗ്രൂപ്പിലെ അമല്‍ ജോയി, വി ഡി സതീശന്റെ അനുയായി അലോഷി സേവ്യര്‍ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷ പദവിയിലേക്ക് സജീവപരിഗണനയിലുള്ളത്. കാലങ്ങളായി കെഎസ്‌യു അധ്യക്ഷസ്ഥാനം വഹിച്ചുവരുന്ന എ ഗ്രൂപ്പിന്റെ നിലപാടും നിര്‍ണായകമാവും.

Full View


Tags:    

Similar News