അടിച്ചാല്‍ തിരിച്ചടിക്കും, സമാധാനമുണ്ടാക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ല; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് കെ മുരളീധരന്‍ എംപി

Update: 2022-06-14 06:29 GMT

കോഴിക്കോട്: അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ആക്രമിച്ചാല്‍ പ്രത്യാക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കെ മുരളീധരന്‍ എംപി. നാട്ടില്‍ സമാധാനമുണ്ടാക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനില്ലെന്നും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണെന്നും കെ മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. പോലിസില്‍ പരാതി പറഞ്ഞ് കാത്തിരിക്കാന്‍ പറ്റില്ല. എന്ത് കേസ് വന്നാലും പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കും. ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാര്‍ വെട്ടി. അവര്‍ ആര്‍എസ്എസ്സിന് തുല്യമാണ്. കേരളത്തിലെ തെരുവുകള്‍ ചോരക്കളമാക്കാനാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. സ്വര്‍ണക്കള്ളന്‍ നാട് ഭരിക്കുമ്പോള്‍ ജയിലില്‍ കിടക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മടിയില്ല. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിച്ചത് ജനവികാരമാണ്. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാര്‍ട്ടി സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ തിരിച്ചും നേരിടും. നാട് ചോരക്കളമാക്കാന്‍ ഭരിക്കുന്ന സിപിഎം തീരുമാനിച്ചാല്‍ നാട്ടില്‍ ശാന്തിയും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനില്ല.

37 കോടി മുടക്കി തവനൂരില്‍ നിര്‍മിച്ച സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണ്. തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല. മാന്യമായിട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിമാനത്തിനകത്ത് ഇ പി ജയരാജന്‍ ചവിട്ടി. ഇപിക്കെതിരേ കേസെടുക്കണം. കേരള പോലിസ് കേസെടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Tags:    

Similar News