കെ റെയില്‍: കോട്ടയം നട്ടാശ്ശേരിയില്‍ അതിരുകല്ലുമായെത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു; സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐയും

Update: 2022-03-21 09:41 GMT

കോട്ടയം: കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം കടുപ്പിച്ച് കോട്ടയം നട്ടാശ്ശേരി നിവാസികള്‍. നട്ടാശ്ശേരി കുഴിയാലിപ്പടിയിലാണ് കെ റെയില്‍ പ്രതിഷേധം നടക്കുന്നത്. അതിരടയാള കല്ലുകളുമായെത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. വാഹനത്തിന് മുകളില്‍ കയറിയാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. കല്ലുകള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

കെ റെയിലിനെതിരേ നട്ടാശ്ശേരിയില്‍ സമരം ചെയ്യുന്നവര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍

 കെ റെയില്‍ വിരുദ്ധ സമരക്കാരും വിവിധ സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. സമരത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എസ് ഡിപിഐ ജില്ലാ സെക്രട്ടറി സാലി ഏറ്റുമാനൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. കെ റെയില്‍ വിരുദ്ധ ജനകീയ സമരത്തിന് എസ്ഡിപിഐ സംക്രാന്തി മേഖലാ കമ്മിറ്റി ഭാരവാഹികളായ ഷാനവാസ്, ഷൈജു ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി. ജനങ്ങളെ അഭിസംബോധന ചെയ്ത് ഷാനവാസ് സംസാരിച്ചു. സമരം ചെയ്യുന്നവര്‍ക്ക് എസ് ഡിപിഐ ഉച്ചഭക്ഷണവും പാകംചെയ്ത് വിതരണം ചെയ്തു.

രാവിലെ മുതല്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി നട്ടാശ്ശേരിയില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍. എണ്‍പതോളം വീടുകളെ ബാധിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. കേന്ദ്രം അനുമതി നല്‍കാത്ത പദ്ധതി ഒരു രീതിയിലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതാക്കളും സമരക്കാരും.

കെ റെയില്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പോലിസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. അതിനിടെ, കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

കലക്ടറേറ്റിന് മുന്നില്‍ അതിരടയാള കല്ല് സ്ഥാപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പിക്കാസ് ഉപയോഗിച്ച് കുഴിയെടുത്താണ് പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചത്. പോലിസ് ഈ കല്ല് പിഴുത് മാറ്റി. സമരക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. എന്നാല്‍, പോലിസ് ലാത്തി ഉപയോഗിക്കാതെ വളരെ സംയമനത്തോടെയാണ് പ്രശ്‌നം നേരിട്ടത്. പ്രതിഷേധക്കാരെ മുഴുവന്‍ സ്റ്റേഷനിലേക്ക് മാറ്റിയാണ് പോലിസ് രംഗം ശാന്തമാക്കിയത്.

Tags:    

Similar News