തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ നടപ്പാക്കാന്‍ സന്നദ്ധം: കേന്ദ്ര റെയില്‍വേ മന്ത്രി
നിലവില്‍ പദ്ധതി നടപ്പാക്കുന്നതിന് സാങ്കേതികവും പാരിസ്ഥിതകവുമായ തടസമുണ്ട്. അവ പരിഹരിച്ചു പുതിയ പദ്ധതിരേഖ വരുകയാണെങ്കില്‍ നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണ്.
ന്യൂഡല്‍ഹി: തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവില്‍ പദ്ധതി നടപ്പാക്കുന്നതിന് സാങ്കേതികവും പാരിസ്ഥിതകവുമായ തടസമുണ്ട്. അവ പരിഹരിച്ചു പുതിയ പദ്ധതിരേഖ വരുകയാണെങ്കില്‍ നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണ്. വികസന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുമായി സഹകരിച്ച് പോവണമെന്നതാണ് നിലപാടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലു വരി പാതയും ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. എറണാകുളം മുതല്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മൂന്നു ലൈനുകള്‍ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ 35 റെയില്‍വേ സ്‌റ്റേഷന്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ശബരി റയിലുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കും. ആ കരാറിനെ അടിസ്ഥാനപ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.