കടന്നപ്പള്ളിയും ഗണേഷ്‌കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Update: 2023-12-29 04:50 GMT

തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കുമോയെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കടന്നപ്പള്ളി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഇരുവരുമെത്തുന്നത്. അതേസമയം, കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കണക്കുകള്‍ കൃത്യമാവണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ല. കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. ഇതില്‍നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ല. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കലാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Tags:    

Similar News