എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല; ഗണേഷ് കുമാര്‍
പഠനം സ്‌കൂളില്‍ ആകട്ടെ, കുട്ടികള്‍ക്ക് പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടേണ്ടതില്ല.
കൊല്ലം: താന്‍ മാനേജരായ സ്‌കൂളിലൂടെ കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിടുകയാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കില്ലെന്നും അവര്‍ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങട്ടെ എന്നും തീരുമാനിച്ചതായി ഗണേഷ് കുമാര്‍ പറഞ്ഞു. 'ഞാന്‍ ഇന്നലെ ഒരു തീരുമാനം എടുത്തു. ഞാന്‍ മാനേജരായ സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെ ഇനി മുതല്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്കോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ വേണ്ടതില്ലെന്ന്. കേരളത്തില്‍ ഒരു വിദ്യാഭ്യാസ പരിഷ്‌കാരം ഞാന്‍ എന്റെ സ്‌കൂളില്‍നിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയില്‍ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്‌കൂളില്‍ വരട്ടെ' ഒരു പൊതുപരിപാടിക്കിടെ ഗണേഷ് കുമാര്‍ പറഞ്ഞു.
പഠനം സ്‌കൂളില്‍ ആകട്ടെ, കുട്ടികള്‍ക്ക് പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടേണ്ടതില്ല. അച്ഛന്റേയും അമ്മയുടേയും സ്നേഹം പിന്നീട് എപ്പോഴാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്നതെന്നും ഗണേഷ് ചോദിച്ചു. അച്ഛന്റേയും അമ്മയുടേയും വാത്സല്യം ഏറ്റുവാങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമ്പോഴാണ് അവര്‍ക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളേണ്ടി വരുന്നത്. അതില്ലാതിരിക്കാനാണ് താന്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നത്. അതില്‍ കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട് മാങ്ങയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും പത്തനാപുരം എം.എല്‍.എ. പറഞ്ഞു.
ഒരു കുഞ്ഞിനെ പഠിപ്പക്കാന്‍ അധ്യാപകന് ആയിരം മണിക്കൂര്‍ വര്‍ഷത്തില്‍ കിട്ടുന്നുണ്ട്. അത് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അവര്‍ അമ്മയുടേയും അച്ഛന്റേയും മടിയില്‍ കയറി കളിക്കട്ടെ. അതിന്റെ വ്യത്യാസം കാണമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും താന്‍ ഉറപ്പിച്ചു പറയുന്നതായും ഗണേഷ് കുമാര്‍ വ്യക്തമാക്കി.