എന്‍എസ് എ ചുമത്തപ്പെട്ട ഡോ. കഫീല്‍ ഖാന്റെ തടവ് 3 മാസം കൂടി നീട്ടി
ഒരു വര്‍ഷം വരെ വിചാരണയില്ലാതെ തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്ന നിയമമാണ് എന്‍എസ്എ
ഗോരഖ് പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രകോപന പ്രസംഗം നടത്തിയെന്ന കള്ളക്കേസില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍എസ്എ) ചുമത്തപ്പെട്ട ഡോ. കഫീല്‍ ഖാന്റെ തടവ് മൂന്നുമാസം കൂടി നീട്ടി. കഫീല്‍ ഖാന്റെ മോചനം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുമെന്ന ആശങ്കയുണ്ടെന്ന കാരണം പറഞ്ഞാണ് തടവ് നീട്ടിയത്. കഫീല്‍ ഖാന്‍ മൂന്നുമാസമായി മഥുര ജയിലിലാണ്. ഇതോടെ തടങ്കലിലാക്കപ്പെടുന്ന മാസം ആറാവും. ഒരു വര്‍ഷം വരെ വിചാരണയില്ലാതെ തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്ന നിയമമാണ് എന്‍എസ്എ. അതേസമയം, കഫീല്‍ ഖാന്റെ മോചനം അശാന്തിക്കിടയാക്കുമെന്ന വാദം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സഹോദരന്‍ ആദില്‍ അഹമ്മദ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ട്രെയിന്‍-എയര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും സര്‍വകലാശാല അടയ്ക്കുകയും ചെയ്തിട്ടും, ഡോ. കഫീല്‍ ഖാന്‍ എഎംയു കാംപസിലേക്ക് പോയി സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നത് എന്തര്‍ത്ഥത്തിലാണെന്നു അദ്ദേഹം ചോദിച്ചു. മാത്രമല്ല, ആഗ്ര ജയിലില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ, അന്തേവാസികള്‍ കൂടുതലുള്ള മഥുര ജയിലിലും അണുബാധ പടരുമെന്ന ഭീതിയുണ്ടെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ആദില്‍ അഹമ്മദ് പറഞ്ഞു. ഐപിസി 153എ പ്രകാരം അലിഗഡിലെ സിവില്‍ ലൈന്‍സ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ജനുവരി 29ന് മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഫെബ്രുവരി 10ന് കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മഥുര ജയില്‍ അധികൃതര്‍ ഉടന്‍ വിട്ടയച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം അലിഗഡ് കോടതിയെ സമീപിച്ചു. ഫെബ്രുവരി 13ന് കോടതി പുതിയ മോചന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അധികൃതര്‍ ഡോക്ടര്‍ക്കെതിരേ എന്‍എസ്എ ചുമത്തുകയായിരുന്നു.
2017ല്‍ യുപിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരാഴ്ചയ്ക്കിടെ 60 കുട്ടികള്‍ ഓക്‌സിജന്‍ ലഭ്യമാവാതെ മരിച്ചത് പുറംലോകത്തെ അറിയിച്ചതോടെയാണ് ഡോ. കഫീല്‍ ഖാനെതിരേ യോഗി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയത്. രണ്ട് വര്‍ഷത്തിന് ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ തന്നെ അന്വേഷണത്തില്‍ കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ വേട്ടയാടുകയാണ്.