കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ പോലിസിന് നിര്‍ദേശം
സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും കാസിമിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന റിപോര്‍ട്ടാണ് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്.
വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണറിപോര്‍ട്ട് ഹാജരാക്കാന്‍ വടകര പോലീസിന് കോടതി നിര്‍ദേശം നല്‍കി. കേസില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപോര്‍ട്ടും ഈ മാസം 22നുള്ളില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് എ എം ഷീജ നിര്‍ദേശിച്ചു. കേസ് 22ന് കോടതി പരിഗണിക്കും.
കേസില്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി കാസിം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പോലിസിനെയോ കീഴ് ക്കോടതിയേയോ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും കാസിമിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന റിപോര്‍ട്ടാണ് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്.
സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സിപിഎം അനുകൂല സൈബര്‍ കൂട്ടായ്മകളെക്കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. വടകരയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരും റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇവരുടെയെല്ലാം മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം കിട്ടിയില്ലെന്നും പോലിസ് അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് കാസിമിന്റേതെന്ന പേരില്‍ കാഫിര്‍ പരാമര്‍ശം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായി വന്നത്. എല്‍ഡിഎഫിന്റെ പരാതിപ്രകാരം കാസിമിനെതിരേ കേസെടുത്തു. സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗും പരാതി നല്‍കി.