കക്കി ഡാം 11ന് തുറക്കും; വെള്ളപ്പൊക്ക സാധ്യത, മുന്നറിയിപ്പ്

ജില്ലയിലെ പ്രധാന അണക്കെട്ടായ കക്കി ഡാം തുറക്കുന്നതോടെ പമ്പാ നദിയിലെ ജല നിരപ്പ് പത്ത് മുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ന്നേക്കാം.

Update: 2021-10-18 02:00 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളില്‍ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകീട്ടോടെ ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

ജില്ലയിലെ പ്രധാന അണക്കെട്ടായ കക്കി ഡാം തുറക്കുന്നതോടെ പമ്പാ നദിയിലെ ജല നിരപ്പ് പത്ത് മുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. വനപ്രദേശങ്ങളില്‍ ശക്തമായി മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണം, പോലിസ്, ജലസേചനം, ആര്‍ടിഒ, ഫിഷറീസ്, ജലഗതാഗതം എന്നീ വകുപ്പുകളും കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.



Tags:    

Similar News