
കൊച്ചി: സിപിഎമ്മില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലറായ കല രാജു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പൊതുജനമധ്യത്തില്‍ വെച്ച് ഉപദ്രവിച്ച് അപമാനിച്ചപ്പോള്‍ നേതൃത്വം എവിടെയായിരുന്നുവെന്നും കല രാജു ചോദിച്ചു. നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിയ്‌ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ പങ്കെടുക്കാനെത്തിയ കല രാജുവിനെ നേരത്തെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയിരുന്നു. സംഭവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പോലിസ് കേസും എടുത്തു. ഇതിന് ശേഷമാണ് നിലപാട് വ്യക്തമാക്കി കല രാജു എത്തിയിരിക്കുന്നത്.
പാര്‍ട്ടിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടെന്ന് കല രാജു പറഞ്ഞു. '' രാഷ്ട്രീയഭാവി തീരുമാനിച്ചിട്ടില്ല. സിപിഎമ്മുകാര്‍ വിഡീയോ ചിത്രീകരിച്ചത് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ്. മക്കളെ കൊല്ലുമെന്ന് അരുണ്‍ അശോക്, വിജയ് രഘു എന്നിവര്‍ ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോവല്‍ കേസില്‍ പോലിസ് ഡമ്മികളെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഇക്കാര്യം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ''-കല രാജു പറഞ്ഞു.
അതേസമയം, കൂത്താട്ടുകുളത്ത് യുഡിഎഫ് നടത്തിയ പോലിസ് സ്‌റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനെതിരെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കെതിരെയും കേസെടുത്തു. പോലീസുകാരെ ആക്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.