കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ് നീട്ടി
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ് നീട്ടി. ഡിസംബര്‍ 26 വരെയാണ് റിമാന്റ് നീട്ടിയത്. റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കിയപ്പോഴാണ് പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിമാന്റ് നീട്ടിയത്. ആറുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ബോംബ് സ്‌ഫോടനം നടന്ന് ഒരുമാസം പിന്നിടുമ്പോഴും മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മാത്രം പ്രതിയാക്കിയാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. കേസില്‍ മാര്‍ട്ടിനെ മാത്രം പ്രതിയാക്കി ഉടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29ന് രാവിലെയാണ് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടന പരമ്പര നടത്തിയത്. സമ്മേളനഹാളിലെ വിവിധ സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചശേഷം റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവ ദിവസംതന്നെ ഒരാളും പിന്നീട് വിവിധ ദിവസങ്ങളിലായി അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്.