തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: എസ് ഡിപിഐ കമല്‍ ഹാസന്റെ മൂന്നാംമുന്നണിയില്‍; 18 സീറ്റില്‍ മല്‍സരിക്കും
അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി(എഐഎസ്എംകെ), ഇന്ത്യാ ജനയാഗ കക്ഷി(ഐജെകെ) തുടങ്ങിയവരാണ് സഖ്യത്തിലുള്ളത്.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ ചലച്ചിത്ര താരം കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മൂന്നാംമുന്നണിയില്‍. കമല്‍ഹാസന്റെ മക്കള്‍ നിതി മയ്യം(എംഎന്‍എം) സഖ്യത്തില്‍ 25 സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും എസ് ഡിപിഐയ്ക്ക് 18 സീറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി(എഐഎസ്എംകെ), ഇന്ത്യാ ജനയാഗ കക്ഷി(ഐജെകെ) തുടങ്ങിയവരാണ് സഖ്യത്തിലുള്ളത്. എഐഎഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന ചലച്ചിത്ര താരം ശരത് കുമാറിന്റെ എഐഎസ്എംകെ കഴിഞ്ഞ ദിവസമാണ് സഖ്യത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചത്. ഐജെകെയ്ക്കും എഐഎസ്എംകെയ്ക്കും 40 വീതം സീറ്റുകളാണു നല്‍കുക.
2018 ഫെബ്രുവരിയില്‍ മധുരയില്‍ നടന്ന പൊതുയോഗത്തിലാണ് കമല്‍ ഹാസന്‍ പാര്‍ട്ടി രൂപീകരിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷം തമിഴ് സൂപ്പര്‍ താരം രജനികാന്തിനുമായി സഖ്യത്തിലേര്‍പ്പെടാന്‍ നീക്കം നടത്തിയെങ്കിലും അദ്ദേഹം രാഷ്ട്രീയപ്രവേശനത്തില്‍ നിന്ന് പിന്‍വാങ്ങി. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി(എഎപി)യുമായും കമല്‍ഹാസന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്.
നേരത്തേ എസ് ഡിപിഐ ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴക(എഎംഎംകെ)വുമായി സഖ്യത്തിലായിരുന്നു. ഏപ്രില്‍ 6നാണ് തമിഴ്‌നാട്ടില്‍ ആകെയുള്ള 234 സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.
അതിനിടെ, മക്കള്‍ നീതി മയ്യത്തിന്റെ 71 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക കമല്‍ ഹാസന്‍ പുറത്തിറക്കി. വില്ലിവാക്കത്തില്‍ മുന്‍ ബ്യൂറോക്രാറ്റ് സന്തോഷ് ബാബു, അണ്ണാ നഗറില്‍ നിന്ന് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ മുന്‍ സെക്രട്ടറി വി പൊന്‍രാജ്, പരിസ്ഥിതി പ്രവര്‍ത്തക പത്മപ്രിയ എന്നിവരാണ് പ്രമുഖര്‍. കമല്‍ഹാസന്റെ സീറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഴിമതിയും ഗ്രാമീണ വികസനവും പ്രധാന പ്രശ്‌നങ്ങളായി ഉയര്‍ത്തുന്ന കമല്‍ ഹാസന്‍, വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം, എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ഉള്ള കംപ്യൂട്ടറുകള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.
Kamal Haasan Joins Hand With SDPI Ahead Of Tamil Nadu Polls; Allots 18 Seats