ബിജെപി എംപി കങ്കണാ റണാവത്തിന് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ തല്ല്(വീഡിയോ)
ന്യൂഡല്‍ഹി: നിയുക്ത എംപിയും ബിജെപി നേതാവും നടിയുമായ കങ്കണാ റണാവത്തിനെ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ തല്ലിയതായി പരാതി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡീഗഡ് വിമാനത്താവളത്തിലെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് തന്നെ തല്ലിയതെന്ന് ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്ത് ആരോപിച്ചു.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പോയിന്റിലേക്ക് പോവുമ്പോള്‍, സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗര്‍ തര്‍ക്കിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പറയുന്നത്. കര്‍ഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെ കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് തല്ലിന് പിന്നിലെ പ്രകോപനമെന്ന് കരുതുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സിഐഎസ്എഫ് കോണ്‍സ്റ്റബിളായ കുല്‍വീന്ദര്‍ കൗറിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തതായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തിന് ശേഷം എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍, കര്‍ഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതായി കോണ്‍സ്റ്റബിള്‍ തന്നോട് പറഞ്ഞതായി റണാവത്ത് പറഞ്ഞു. പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന ഈ തീവ്രവാദത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും കങ്കണ ചോദിച്ചു. 'ഞാന്‍ സുരക്ഷിതയാണ്. ഞാന്‍ പൂര്‍ണമായും സുഖമായിരിക്കുന്നു. ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണ് അടിയേറ്റ സംഭവം ഉണ്ടായത്. ഞാന്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി വനിതാ സെക്യൂരിറ്റി ഓഫിസറെ കടന്നുപോകാന്‍ കാത്തുനില്‍ക്കുമ്പോള്‍, അവള്‍ എന്റെ നേരെ വന്ന് എന്നെ ഇടിച്ചു. ഞാന്‍ സുരക്ഷിതയാണ്, എന്നാല്‍ പഞ്ചാബിലെ ഈ ഞെട്ടിക്കുന്ന ഭീകരതയും അക്രമവും എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് എന്റെ ആശങ്കയെന്നും കങ്കണ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോയില്‍
കങ്കണ ഈ പരാമര്‍ശം നടത്തുമ്പോള്‍ എന്റെ അമ്മയും പ്രതിഷേധക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ പറയുന്നതായി മറ്റൊരു വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. വനിതാ കോണ്‍സ്റ്റബിളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫിസിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നീനാ സിങിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷാ പരിശോധനയ്ക്കിടെ ഫോണ്‍ ട്രേയില്‍ വയ്ക്കാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും സുരക്ഷാ ഉദ്യോഗസ്ഥയെ തള്ളിയതിനാണ് കങ്കണയെ മര്‍ദ്ദിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ കങ്കണ റണാവത്ത് മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയും നിലവിലെ പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങിനെ പരാജയപ്പെടുത്തിയത്.