വിവാദങ്ങള്‍ക്കിടെ മഥുര സന്ദര്‍ശിച്ച് കങ്കണ; ദേശീയവാദികള്‍ക്കൊപ്പമെന്ന്
ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പ്രദേശം നടി സന്ദര്‍ശിച്ചത്
മഥുര: കൃഷ്ണ ജന്മഭൂമിയുടെ പേരില്‍ മഥുര ഗ്യാന്‍വ്യാപി മസ്ജിദിനു നേരെയുള്ള ഹിന്ദുത്വ നീക്കവും കുപ്രചാരണവും കടുക്കുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മഥുര സന്ദര്‍ശനം ശിഥിലീകരമത്തിന് ആക്കം കൂട്ടുമെന്ന്് നിരീക്ഷണം. മഥുരയിലുള്ളത് രാജ്യാതിര്‍ത്തിയിലേതിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണെന്നും അത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീക്കിത്തരുമെന്നും കങ്കണ പറഞ്ഞു. പോലിസും സംഘപരിവാര പ്രവര്‍ത്തകരുമാണ് മഥുരയില്‍ നടിയെ സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പ്രദേശം നടി സന്ദര്‍ശിച്ചത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും എന്നാല്‍ ദേശീയ വാദികള്‍ക്കായി നിലകൊള്ളുമെന്നും അവര്‍ പറഞ്ഞു. മഥുരയിലേക്ക് പുറപ്പെട്ടത് മുതലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. പ്രദേശം വളരെ സുരക്ഷ ഒരുക്കിയ ഇടമാണെന്നും എല്ലായിടത്തും പ്രവേശിക്കാനോ ഫോട്ടോയെടുക്കാനോ അനുമതിയില്ലെന്നും നടി കുറിച്ചു. എന്നാല്‍ ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ജനങ്ങള്‍ക്കായി യോഗി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും നടി പറഞ്ഞു. യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തു കൊണ്ടായിരുന്നു നടിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മഥുരയും ശ്രീകൃഷ്ണ ജന്മഭൂമി വിഷയവും ആളിക്കത്തിച്ച് ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.