ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

Update: 2023-03-21 17:12 GMT

ബംഗളൂരു: ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ കന്നഡ നടനും ആക്റ്റിവിസ്റ്റുമായ ചേതന്‍ കുമാര്‍ അഹിംസയെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനില്‍ നടനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തത്. ഐപിസി സെക്ഷന്‍ 295 എ, 505 ബി എന്നിവ പ്രകാരം കേസെടുത്ത ശേഷം ദലിത്, ആദിവാസി പ്രവര്‍ത്തകന്‍ കൂടിയായ ചേതന്‍ കുമാറിനെ ജില്ലാ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഹിന്ദുത്വ എന്നത് 'നുണകളില്‍ കെട്ടിപ്പടുത്ത' പ്രത്യയശാസ്ത്രമാണെന്ന് സവര്‍ക്കര്‍, ബാബരി മസ്ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങളും ഉദ്ധരിച്ചാണ് നടന്‍ കുമാര്‍ ചേതന്‍ ട്വീറ്റ് ചെയ്തത്. സത്യത്താല്‍ ഹിന്ദുത്വയെ പരാജയപ്പെടുത്താമെന്നും 'സത്യം സമത്വമാണ്' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. രാമന്‍ രാവണനെ തോല്‍പ്പിക്കുകയും അയോധ്യയിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ഇന്ത്യാ രാജ്യത്തിന്റെ തുടക്കമെന്ന സവര്‍ക്കറിന്റെ പരാമര്‍ശം നുണയാണ്, 1992 ബാബരി മസ്ജിദ് രാമ ന്റെ ജന്‍മസ്ഥലമാണ് എന്നത് നുണയാണ്, 2023 യുരി ഗൗഡ-നഞ്ചഗൗഡ എന്നിവര്‍ ടിപ്പുവിനെ കൊന്നവരാണ് എന്നതും നുണയാണ്, ഹിന്ദുത്വ സത്യത്തെ പരാജയപ്പെടുത്തുന്നു, സമത്വമാണ് സത്യം എന്നാണ് ചേതന്‍കുമാര്‍ ഇന്നലെ രാവിലെ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെയാണ് ഹിന്ദുത്വവാദികള്‍ പോലിസില്‍ പരാതി നല്‍കിയത്. നേരത്തെയും ഹിന്ദുത്വവാദികള്‍ക്കെതിരേ രംഗത്തെത്തിയതിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയില്‍ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ താര്യം ജാമ്യത്തിലാണ്. 2022 ഒക്ടോബറില്‍ കാന്താര സിനിമയെക്കുറിച്ച് 'അപമാനകരമായ' പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചും ചേതന്‍ കുമാറിനെതിരെ കേസെടുത്തിരുന്നു.

Full View


Tags:    

Similar News