പ്രശസ്ത കന്നഡ കവിയും ദലിത് ആക്റ്റിവിസ്റ്റുമായ സിദ്ധലിംഗയ്യ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-06-11 18:25 GMT

ബെംഗളൂരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തും ദലിത് ആക്റ്റിവിസ്റ്റുമായ സിദ്ധലിംഗയ്യ(67) കൊവിഡ് അനുബന്ധ പ്രശ്‌നങ്ങള്‍ കാരണം മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരു മകളും മകനുമുണ്ട്. മെയ് രണ്ടിന് സിദ്ധാലിംഗയ്യ കൊവിഡിന് പോസിറ്റീവായെന്നും 5ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അടുത്ത കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. 1954 ഫെബ്രുവരി 3 ന് രാമനഗര ജില്ലയിലെ മഗഡിയില്‍ ജനിച്ച സിദ്ധലിംഗയ്യയാണ് കന്നഡയില്‍ ദലിത് ബന്ദായ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും കന്നഡ സാഹിത്യത്തില്‍ ദലിത് രചനാ രീതിക്ക് തുടക്കമിടുകയും ചെയ്തത്.

    ദലിത് സംഘര്‍ഷ സമിതിയുടെ സ്ഥാപകരിലൊരാളായ അദ്ദേഹം ബാംഗ്ലൂര്‍ സര്‍വകലാശാലയിലെ കന്നഡ പഠന വകുപ്പിന്റെ മുന്‍ ചെയര്‍മാനായിരുന്നു. രണ്ടുതവണ നിയമസഭാ സമിതിയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1988ല്‍ അദ്ദേഹം 34ാം വയസ്സില്‍ ആദ്യമായി കര്‍ണാടക നിയമസഭയില്‍ അംഗമായി. 1995ല്‍ നിയമസഭയില്‍ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുപുറമെ കന്നഡ വികസന അതോറിറ്റിയുടെയും കര്‍ണാടക ബുക്ക് അതോറിറ്റിയുടെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    2015 ഫെബ്രുവരിയില്‍ ഹാസന്‍ ജില്ലയിലെ ശ്രാവണബെലഗോലയില്‍ നടന്ന 81ാമത് അഖില ഭാരത കന്നഡ സാഹിത്യ സമ്മേളന(കന്നഡ സാഹിത്യോല്‍സവം) പ്രസിഡന്റായി സിദ്ധലിംഗയ്യയെ തിരഞ്ഞെടുത്തു. 2019 ല്‍ സംസ്ഥാനത്തെ പരമോന്നത സാഹിത്യ അവാര്‍ഡായ പമ്പ അവാര്‍ഡും 1986 ല്‍ രാജ്യോത്സവ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 1975 ല്‍ അരങ്ങേറ്റം കുറിച്ച ഹോള്‍ മഡിഗര ഹഡു മുതല്‍ കന്നഡയിലെ ദലിതരുടെ ശബ്ദമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കവിത 'യാരിഗെ ബന്ധു, യെല്ലിഗെ ബന്ധു, നാളവട്ടെര സ്വാതന്ത്ര്യ?' എന്ന് ഗാനം കര്‍ണാടകയിലെ ദലിത് പ്രസ്ഥാനത്തിന്റെ ഗാനമായി മാറി.

    കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, വിവിധ മന്ത്രിമാര്‍, കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍, നിയമസഭാ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. 'ദലിതരുടെ വേദന വാക്കുകളുടെ രൂപത്തിലാക്കുകയും സംസ്ഥാനത്തെ ദലിത് പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്ത കവിയാണ് സിദ്ധലിംഗയ്യ' എന്ന് യെദ്യൂരപ്പ പ്രസ്താവനയില്‍ പറഞ്ഞു. സിദ്ധലിംഗയ്യ ഊഷ്മളവും അനുകമ്പയുള്ളതുമായ ഒരു മനുഷ്യനാണെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

Kannada Dalit poet-activist Siddalingaiah succumbs to Covid-19


Tags:    

Similar News