കല്യാണ വീട്ടിലെ ബോംബേറ്: ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു, നാല് പേര്‍ കസ്റ്റഡിയില്‍

മിധുന്‍ എന്നയാളാണ് ബോംബെറിഞ്ഞതെന്ന് വിവരം. ഏച്ചൂര്‍ സ്വദേശിയായ ഇയാള്‍ ഒളിവിലാണെന്ന് പോലിസ് പറയുന്നത്.

Update: 2022-02-13 18:34 GMT

കണ്ണൂര്‍: തോട്ടടയില്‍ ബോംബേറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ജിഷ്ണു, ബോംബെറിഞ്ഞ സംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹത്തലേന്നുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണമുണ്ടായതെന്നാണ് നിഗമനം.

അതേസമയം, കല്യാണ പാര്‍ട്ടിക്കിടെ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു. മിധുന്‍ എന്നയാളാണ് ബോംബെറിഞ്ഞതെന്ന് വിവരം. ഏച്ചൂര്‍ സ്വദേശിയായ ഇയാള്‍ ഒളിവിലാണെന്ന് പോലിസ് പറയുന്നത്. അതിനിടെ, സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കല്യാണത്തിന്റെ ബാന്റ് മേളം കടന്നുപോകുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളുകള്‍ പരക്കം പായുന്നത് ദൃശ്യങ്ങളിലാണ് പുറത്ത് വന്നത്.

ഇന്ന് ഉച്ചയോടെ ഉണ്ടായ ബോംബേറില്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ജിഷ്ണു കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന ആളാണ് എന്നാണ് വിവരം. ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചു.

ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടില്‍ രാത്രി സത്കാരം കഴിഞ്ഞ് സംഗീത പരിപാടി നടന്നിരുന്നു. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ ഉടലെടുത്ത തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് മാറി. ഏച്ചൂരില്‍ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘര്‍ഷത്തിലേര്‍പ്പെട്ടു.

പ്രശ്‌നം ഒത്തുതീര്‍ത്ത ശേഷമാണ് ഇന്ന് വിവാഹത്തിന് വരനും സംഘവും പോയത്. വധൂഗൃഹത്തില്‍ വിവാഹം കഴിഞ്ഞ വരനും സംഘവും വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ബോംബേറ് ഉണ്ടായത്.

ഏച്ചൂരില്‍ നിന്നുള്ള സംഘമാണ് ബോംബുമായി വന്നത്. ജിഷ്ണു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. നാടന്‍ ബോംബാണ് സംഘം ഉപയോഗിച്ചത്. പൊട്ടാതെ ബാക്കിയായ ബോംബ് പോലിസ് നിര്‍വീര്യമാക്കി. ഇത് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News