കണ്ണൂര്‍: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫിസര്‍(ഡിഎഫ്ഒ) കെ ശ്രീനിവാസ് അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. കുടുംബസമേതം കാറിലാണ് സ്വന്തം നാടായ തെലങ്കാനയിലേക്കാണു പോയത്. സര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതിയില്ലാതെയാണ് ഡിഎഫ്ഒയുടെ നടപടി. ഇദ്ദേഹം നേരത്തേ അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ രാജു അറിയിച്ചിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ, ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊല്ലം സബ് കലക്ടര്‍ നാട്ടിലേക്ക് മുങ്ങിയത് ഏറെ വിവാദമായിരുന്നു. അനുമതിയില്ലാതെ സംസ്ഥാനം വിട്ട ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.