മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കുള്ള സംവിധാനങ്ങള്‍ സജ്ജമായി. സര്‍ക്കാറിന്റെ 18 വകുപ്പുകളുടെ സേവനം സംവിധാനങ്ങള്‍ ക്യാംപില്‍ ഒരുങ്ങി. ജനകീയ സ്വാഗത സംഘത്തിന്റെ 11 സബ്കമ്മിറ്റിികളുടെ ഒരുക്കങ്ങളും പൂര്‍ണമായി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ഭക്ഷണ ഹാള്‍, നമസ്‌കാര ഹാള്‍, സ്‌റ്റേജ്,തുടങ്ങിയവയുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക സെല്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാളെ ഉദ്ഘാടനം ചെയ്യുന്ന ക്യാംപ് രാജ്യസഭാ അംഗം ഡോ. ടി ശിവദാസന്‍ എംപിയും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ക്യാംപ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
ഹജ്ജ് ക്യാംപില്‍ പൂര്‍ണമായ ഇന്റെനെറ്റ് കണക്ഷന്‍ ഇന്നലെ മുതല്‍ ലഭ്യമായി. ഇത്തവണ ജൂണ്‍ 10 വരെ ഒമ്പത് സര്‍വീസ് തുടര്‍ച്ചയായി നടക്കുന്നതിനാല്‍ ഇടവേളകളില്ലാത്ത യാത്രാ സജ്ജീകരണമാണ് ഒരുക്കുന്നത്. ഔദ്യോഗിക സംഘവും സ്വാഗത സംഘം കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗത്തിന്റെയും മെഡിക്കല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ആവശ്യാനുസരണം പരിശോധനാ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നുണ്ട്. അലോപ്പതി ഹോമിയോ സേവനം മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും ഉണ്ടാവും. 24 മണിക്കൂര്‍ മുമ്പ് ഹാജിമാര്‍ എയര്‍പോര്‍ട്ടിനോടനുബന്ധിച്ച കൗണ്ടറിലാണ് റിപോര്‍ട്ട് ചെയ്യേണ്ടത്. ലഗേജ് സ്വീകരിക്കാന്‍ അവിടെ കൗണ്ടറുകള്‍ ഉണ്ടാവും. വോളന്റിയര്‍ സേവനം എല്ലാ രംഗത്തും ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ക്യാംപിലേക്കും തിരിച്ചും പ്രത്യേകം വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹാജിമാരെ യാത്രയയക്കാനെത്തുന്നവര്‍ക്ക് ക്യാംപിലേക്ക് പ്രവേശനമില്ല.
150 ഹജ്ജ് വോളന്റിയര്‍മാരും വിവിധ വകുപ്പകളില്‍ നിന്ന് എത്തിച്ചേര്‍ന്ന 35 ഉദ്യോഗസ്ഥരും ഹജ്ജ് സെല്‍ സംവിധാനത്തില്‍ സേവന നിരതരായിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ഭക്ഷണ ഹാള്‍, നമസ്‌കാര ഹാള്‍, സ്‌റ്റേജ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക താമസ സൗകര്യം തുടങ്ങിയവ ഒരുങ്ങി. ഒരേസമയം ആയിരം പേര്‍ക്ക് വരെ ഭക്ഷണം വിളമ്പാവുന്ന സൗകര്യമാണ് ഒരുങ്ങിയത്. ഭക്ഷണം പരിശോധനയ്ക്കും പാചക നിരീക്ഷണത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം സംവിധാനം ഒരുക്കി. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണം ഹജ്ജ് ക്യാംപ് കൂടി മുന്നില്‍ കണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ക്യാംപിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കാനുള്ള സംവിധാനം മട്ടന്നൂര്‍ നഗരസഭ പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിഎ റഹീം എംഎല്‍എ ചെയര്‍മാനും മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ഷാജിത് മാസ്റ്റര്‍ വര്‍ക്കിങ് ചെയര്‍മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഹജ്ജ് കമ്മിറ്റി മെംബര്‍ പിടി അക്ബറാണ് ക്യാംപ് കോഓഡിനേറ്റര്‍. ഹജ്ജ് സ്‌പെഷ്യല്‍ ഓഫിസര്‍ എസ് നജീബാണ് ക്യാംപിലെ ഔദ്യോഗിക സംവിധാനങ്ങളെ നയിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുന്നോട്ടുപോക്കിന് ഊര്‍ജമാവുന്നതാണ് ക്യാംപും ഭൗതിക സൗകര്യവുമെന്ന് ഡോ. ടി ശിവദാസന്‍ എംപി പറഞ്ഞു. ഔദോഗിക സംവിധാനങ്ങളില്‍ നല്ല ജാഗ്രതയും മികവും ഉണ്ടെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയ പറഞ്ഞു. എഡിഎം നവീന്‍ ബാബു, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, എകെജി ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമന്‍, ക്യാംപ് കണ്‍വീനര്‍മാരായ സി കെ സുബൈര്‍ ഹാജി, നിസാര്‍ അതിരകം, സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, സെല്‍ ഓഫിസര്‍ മുഹമ്മദ് നജീബ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.