കണ്ണൂരിലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും

Update: 2024-06-06 14:22 GMT

മട്ടന്നൂര്‍: വെള്ളിയാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 ഹാജിമാര്‍ ഒരുമിച്ചു ചേരുന്ന ദിവസം കണ്ണൂര്‍ ഹജ്ജ് ക്യാംപ് നേതാക്കളുടെ കൂട്ട സന്ദര്‍ശനത്തിന്റെ വേദിയായി. അഴീക്കോട് എംഎല്‍എ കെ വി സുമേഷാണ് ആദ്യമെത്തിയത്. തൊട്ടുടനെ പാര്‍ലിമെന്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹാജിമാരെ സന്ദര്‍ശിച്ചു. എഐസിസി നിരീക്ഷക ഷമാ മുഹമ്മദ്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ മോഹനന്‍ എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സന്ദര്‍ശിച്ചു. ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി, ക്യാംപ് കണ്‍വീനര്‍മാരായ സി കെ സുബൈര്‍ ഹാജി, നിസാര്‍ അതിരകം, ക്യാംപ് സെല്‍ ഓഫിസര്‍ എസ് നജീബ് തുടങ്ങിയവരും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു.

   



 

രാജ്യത്ത് സമാധാനവും ജനാധിപത്യവും നിലനില്‍ക്കാനുള്ള പ്രാര്‍ഥന നടത്താന്‍ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവരോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആഹ്വാനം ചെയ്തു. വിശ്വാസികളുടെ സുപ്രധാനമായ നിയോഗമാണ് ഹജ്ജ് കര്‍മം. സ്വന്തത്തിനും കുടുംബത്തിനും വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ജീവിക്കുന്ന സമഹത്തിന് വേണ്ടിയും പ്രാര്‍ഥിക്കണം. രാജ്യം സംഘര്‍ഷത്തില്‍ നിന്ന് മുക്തമാവണം. അതിന് വേണ്ടി ദൈവത്തോട് പ്രാര്‍ഥന സമര്‍പ്പിക്കാനുള്ള അവസരമാണ് ഹജ്ജെന്നും അദ്ദേഹം ഉണര്‍ത്തി. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി മാറിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗകര്യം വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. രാജ്യത്ത് സമാധാനവും വിശ്വാസാചാരങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനുംനിര്‍ഭയത്വത്തിന് വേണ്ടിയുള്ള അവസരം സൃഷ്ടിക്കപ്പെടാനും പ്രാര്‍ഥിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. കെ വി സുമേഷ് എംഎല്‍എ, എഐസിസി നിരീക്ഷക ഷമാ മുഹമ്മദ്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവരും സംസാരിച്ചു.

Tags:    

Similar News