കണ്ണൂര്‍ വളപട്ടണം പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ തീപ്പിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു
കണ്ണൂര്‍: വളപട്ടണം പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ചിട്ട മൂന്നോളം വാഹനങ്ങളാണ് നശിച്ചത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപ്പിടിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചു. ആരെങ്കിലും മനപ്പൂര്‍വം തീക്കൊളുത്തിയതാവാമെന്ന് പോലിസ് പറയുന്നു.
കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെയും പോലിസ് സംശയിക്കുന്നുണ്ട്. ഇയാളുടെ സഹോദരനെ തിങ്കളാഴ്ച പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പേരില്‍ ചാണ്ടി ഷമീം തിങ്കളാഴ്ച പോലിസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാവാമെന്നാണ് പോലിസ് സംശയിക്കുന്നത്. കത്തിനശിച്ച വാഹനങ്ങളില്‍ ഒരെണ്ണം ചാണ്ടി ഷമീമിന്റേതാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് വ്യക്തമാക്കി. തളിപ്പറമ്പ് നിന്ന് അഗ്‌നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു.