പൗരത്വ പ്രക്ഷോഭം: പോപുലര്‍ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും

പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി ടൈംസ് നൗ വാര്‍ത്ത നല്‍കിയിരുന്നു.

Update: 2020-01-27 15:01 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും. പ്രക്ഷോഭത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിനെതിരേയാണ് ഇരുവരും രം​ഗത്തെത്തിയത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് തനിക്ക് പണം കൈമാറിയിട്ടുണ്ട്. എന്നാല്‍, അത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2017 ആ​ഗസ്ത് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പോപുലര്‍ ഫ്രണ്ട് സാമ്പത്തിക പിന്തുണ നല്‍കിയെന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിര ജെയ്‌സിങ് തുടങ്ങിയവര്‍ക്ക് പണം നല്‍കിയെന്ന തരത്തിലാണ് ടൈംസ് നൗ റിപോർട്ട് ചെയ്തത്. അതേസമയം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഒരുകാലത്തും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന് പോപുലര്‍ പ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി ടൈംസ് നൗ വാര്‍ത്ത നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിര ജെയ്‌സിങ് എന്നിവര്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നല്‍കിയെന്നും ചില റിപോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോപണം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിഷേധിച്ചു. 

Tags:    

Similar News