കരീം മുസ്‌ല്യാര്‍ വധശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു
മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു. പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനായി പോലീസ് ആശുപത്രിയിലെത്തിയിട്ടുണ്ട്.
കാസര്‍കോട്: സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ മദ്‌റസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. മദ്‌റസ അധ്യാപകന്‍ ബായാര്‍ കരീം മുസ്‌ല്യാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ബായാര്‍ പെറോടിയിലാണ് സംഭവം. നടന്നു പോവുകയായിരുന്ന പ്രസാദിനെ ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചതെന്നാണ് പോലിസിന് വിവരം ലഭിച്ചിട്ടുള്ളത്.
മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു. പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനായി പോലീസ് ആശുപത്രിയിലെത്തിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് കരീം മുസ്‌ല്യാര്‍ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ല്യാര്‍ ദിവസങ്ങളോളം ബോധമില്ലാതെ കിടന്നു. തലക്കേറ്റ മാരക മുറിവിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ കരീം മൗലവി ആഴ്ച്ചകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന കരീം മൗലവിക്ക് ഇപ്പോഴും പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ പ്രതികളായ 12 സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല വിഷയവുമായി യാതൊരു ബന്ധമില്ലാത്ത കരീം മുസ്‌ല്യാരെ ആര്‍എസ്എസ്സുകാര്‍ വധിക്കാന്‍ ശ്രമിച്ചത് നിയമസഭയില്‍ പോലും ചര്‍ച്ചക്കിടയാക്കിയിരുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബോധ പൂര്‍വ്വമുള്ള ആക്രമണങ്ങളാണ് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നടന്നതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ആര്‍എസ്എസ്സിന്റെ കലാപ ശ്രമം തിരിച്ചറിഞ്ഞിട്ടും പോലിസ് നടപടി കാര്യക്ഷമമാക്കാത്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിക്കപ്പെട്ടു. കരീം മുസ്‌ല്യാര്‍ക്ക് ആര്‍എസ്എസ്സുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് പരിശോധിച്ച് തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.