കള്ളവോട്ട്: ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കണ്ണൂര്‍ കലക്ടറുടെ റിപോര്‍ട്ട്
വിഷയത്തില്‍ കാസര്‍കോട്, കണ്ണൂര്‍ കലക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വരണാധികാരികളായ ജില്ലാ കലക്ടര്‍മാരില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു
കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തില്‍പെട്ട കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി തിരഞ്ഞെടുപ്പ് കമീഷനു റിപോര്‍ട്ട് നല്‍കി. കള്ളവോട്ട് നടന്നുവെന്ന് ആരോപണമുള്ള ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപോര്‍ട്ട് നല്‍കിയത്. പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു വെബ്കാം ഓപറേറ്റര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയതായാണു സൂചന. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തിയശേഷം റിപോര്‍ട്ട് നല്‍കാനാണ് കാസര്‍കോട് ജില്ലാ കലക്ടറുടെ തീരുമാനം. ഇന്ന് ഉച്ചയോടെ റിപോര്‍ട്ട് നല്‍കിയേക്കും. വിഷയത്തില്‍ കാസര്‍കോട്, കണ്ണൂര്‍ കലക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വരണാധികാരികളായ ജില്ലാ കലക്ടര്‍മാരില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ വാദം.
കാസര്‍കോട് മണ്ഡലത്തില്‍പെട്ട കണ്ണൂര്‍ ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ കള്ളവോട്ട് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ച അറിയിച്ച കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍, കള്ളവോട്ടല്ലെന്നും ഓപണ്‍വോട്ടാണ് ചെയ്തതെന്നുമുള്ള വാദത്തിലാണ് സിപിഎം.