കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച: ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2021-07-15 18:12 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതികളിലൊരാളായ കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായെത്തിയ താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ കൂടത്തായി കുടുക്കിലംമാരം കുന്നംവള്ളി വീട്ടില്‍ ശിഹാബി(37)നെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം താമരശ്ശേരി അടിവാരത്തെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയത്. താമരശ്ശേരി സംഘത്തില്‍പെട്ട അബ്ദുന്നാസിറിനെ അഞ്ച് ദിവസം മുമ്പ് പോലിസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് ശിഹാബ് ഒളിവിലായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ടിപ്പര്‍ വയനാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കൂടത്തായിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ശിഹാബിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ കുറിച്ചു വിവരം ലഭിച്ചത്.

    അര്‍ജുന്‍ ആയങ്കി വരുന്ന വാഹനത്തെ ടിപ്പര്‍ ലോറി ഉപയോഗിച്ച് ആക്രമിക്കാന്‍ താമരശ്ശേരി സംഘത്തില്‍നിന്ന് ക്വട്ടേഷന്‍ ലഭിച്ചത് പ്രകാരമാണ് താനും സംഘവും കരിപ്പൂരിലെത്തിയതെന്നും അവര്‍ ഹെഡ്‌ലൈറ്റ് ഓഫാക്കി വേഗത്തില്‍ പോയതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നുമാണ് ശിഹാബ് മൊഴി നല്‍കിയത്. ഈ വാഹനത്തെ പിന്തുടര്‍ന്ന് പോയ സംഘത്തില്‍ ഉള്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടാണ് അഞ്ചുപേര്‍ മരണപ്പെട്ടത്.

Karipur gold robbery: one more accused arrested

Tags:    

Similar News