കരിപ്പൂര്‍ സ്വര്‍ണക്കടത്ത്:ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന് ജാമ്യം; അര്‍ജ്ജുനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ മുഹമ്മദ് ഷെഫീഖിന് ജാമ്യം നല്‍കിയിരിക്കുന്നത്.അര്‍ജ്ജുന്‍ ആയങ്കിയെ നാലു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി.
കൊച്ചി:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഉപാധികളോടെ മുഹമ്മദ് ഷെഫീഖിന് ജാമ്യം നല്‍കിയിരിക്കുന്നത്.കേസ് അന്വേഷണവുമായി മുഹമ്മദ് ഷെഫീഖ് സഹകരിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.മുഹമ്മദ് ഷെഫീഖിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തില്ല.
സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖില്‍ നിന്നാണ് സ്വര്‍ണ കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചത്.അര്‍ജ്ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്തത് മുഹമ്മദ് ഷെഫീഖില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തത്.
ടി പി കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷെഫീഖും സ്വര്‍ണക്കടത്തിന് സംരക്ഷണം നല്‍കുമെന്ന് അര്‍ജ്ജുന്‍ ആയങ്കി ഉറപ്പ് നല്‍കിയിരുന്നുവെന്നും മുഹമ്മദ് ഷെഫീഖ് മൊഴി നല്‍കിയിരുന്നതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കൊടി സുനിയും മുഹമ്മദ് ഷെഫീഖും കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ രക്ഷാധികാരിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
നിലവില്‍ കാക്കനാട് ജില്ലാ ജെയിലിലാണ് മുഹമ്മദ് ഷെഫീഖ് റിമാന്റില്‍ കഴിയുന്നത്.നേരത്തെ മഞ്ചേരി ജെയിലിലായിരുന്നുവെങ്കിലും അവിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുഹമ്മദ് ഷെഫീക് എറണാകുളത്തെ കോടതിയില്‍ ഹാജരാക്കവെ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കാക്കനാട് ജെയിലിലേക്ക് മാറ്റിയത്.
അതേ സമയം കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന അര്‍ജ്ജുന്‍ ആയങ്കിയെ നാലു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി. നേരത്തെ ഏഴു ദിവസം അര്‍ജ്ജുനെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.തുടര്‍ന്ന് വീണ്ടും ഹാജരാക്കിയ സമയത്ത് ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടി നല്‍കണമെന്ന് കസ്റ്റംസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് തള്ളിക്കൊണ്ട് അര്‍ജ്ജുനെ റിമാന്റു ചെയ്യുകയായിരുന്നു.
എന്നാല്‍ അര്‍ജ്ജുന്റെ ഫോണ്‍ അടക്കം കണ്ടെടുക്കേണ്ടതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫിയോട് തിങ്കാളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ജ്ജുന്‍ ആയങ്കിയെക്കൂടി കസ്റ്റഡിയില്‍ വാങ്ങി ഷാഫിക്കൊപ്പം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.