കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍
അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല.വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നതു അന്വേഷണത്തെ ബാധിക്കുമെന്നുമാണ് കസ്റ്റംസിന്റെ നിലപാട്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍.അര്‍ജ്ജുന്‍ ആയങ്കിയ്ക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിയ്ക്കപ്പെടുമെന്നും തെളിവുകള്‍ നശിപ്പിക്കപെടുമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല.വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നതു അന്വേഷണത്തെ ബാധിക്കുമെന്നുമാണ് കസ്റ്റംസിന്റെ നിലപാട്.
നേരത്തെ രണ്ടു തവണ ജാമ്യം തേടി അര്‍ജ്ജുന്‍ ആയങ്കി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. അര്‍ജുന്റെ ഇടപാടുകള്‍ തനിക്കു അറിയില്ലെന്നാണു ചോദ്യം ചെയ്യലില്‍ ഭാര്യ കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കസ്റ്റംസ് തയ്യാറായിട്ടില്ല. ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെയും കസ്റ്റംസ് ഒരു തവണ ചോദ്യം ചെയ്തിരുന്നു.വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.കൂടാതെ കൊടി സുനിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.കൊടി സുനി നിലവില്‍ ടി പി കേസില്‍ ജെയിലിലാണ്.