ശബരിമല പ്രശ്‌നം സജീവമാക്കാന്‍ നാമജപ പ്രതിഷേധവുമായി സംഘപരിവാരം
നോട്ടീസുകളും ഫ്‌ളക്‌സുകള്‍ക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സംഘപരിവാരം നേതൃത്വം നല്‍കുന്ന ശബരിമല കര്‍മസമിതി.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശബരിമല പ്രശ്‌നം സജീവമാക്കാനൊരുങ്ങി സംഘപരിവാരം. നോട്ടീസുകളും ഫ്‌ളക്‌സുകള്‍ക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സംഘപരിവാരം നേതൃത്വം നല്‍കുന്ന ശബരിമല കര്‍മസമിതി. സമിതിക്കെതിരെ ഇടത് മുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം.
സംസ്ഥാനമാകെ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ പരാമര്‍ശമില്ലാതെ തന്ത്രപരമായാണ് നീക്കം.
ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്ന പേരിലാണ് പ്രതിഷേധം. മതത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സംഘപരിവാര നീക്കത്തിനെതിരേ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
നോട്ടീസില്‍ തിരഞ്ഞെടുപ്പിനേക്കുറിച്ച് ഒന്നും നേരിട്ട് പറയാത്തത് തന്ത്രമാണന്നും വോട്ടര്‍മാരെ ദൈവത്തിന്റെ പേരില്‍ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദേശമെന്നുമാണ് പരാതി.
അതേ സമയം, പോസ്റ്ററുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍മ്മസമിതി. അതിന്റെ പേരില്‍ ആര്‍ക്കും നടപടി എടുക്കാനാവില്ല. സമിതിയുമായി ബന്ധമൊന്നമില്ലെന്ന നിലപാടുമായി വളഞ്ഞു മൂക്കിപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കര്‍മ സമിതിയുടെ നോട്ടീസുകള്‍ പൊലിസ് പിടിച്ചെടുത്തെങ്കിലും പിന്നീട് വിട്ടുകൊടുത്തിരുന്നു. കര്‍മ സമിതിയുടെ പ്രചരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ചട്ടലംഘനം ഉണ്ടോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും തിരുവനന്തപുരം സബ് കള്കടര്‍ ജി പ്രിയങ്ക പറഞ്ഞു.