പ്രവീണിന്റെ ഘാതകരെ 'ഏറ്റുമുട്ടലിലൂടെ' കൊല്ലണം; പ്രകോപന പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ
ബംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു (32) വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ എം പി രേണുകാചാര്യ രംഗത്ത്. പ്രവീണിന്റെ കൊലയാളികളെ 'ഏറ്റുമുട്ടലിലൂടെ' കൊലപ്പെടുത്തണമെന്നായിരുന്നു എംഎല്‍എയുടെ ആഹ്വാനം. അധികാരത്തേക്കാള്‍ ഹിന്ദു പ്രവര്‍ത്തകരുടെ സംരക്ഷണമാണ് തനിക്ക് പ്രധാനം. പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഹൊന്നാലി എംഎല്‍എ മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലൂടെയാണ് പ്രവീണിന്റെ കൊലയാളികളെ എന്‍കൗണ്ടറിലൂടെ വധിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെട്ടത്.
'ഹിന്ദു സഹോദരന്‍മാര്‍ കൊല്ലപ്പെടുമ്പോഴെല്ലാം നാം സ്ഥിരമായി അതിനെ അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. 'ഓം ശാന്തി' പോസ്റ്റുകള്‍ കൊണ്ട് മാത്രം കാര്യമില്ല. ആളുകള്‍ക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കില്‍, കുറ്റവാളികളായവരെ തെരുവില്‍വച്ച് എന്‍കൗണ്ടറിലൂടെ വധിക്കണം'- എംഎല്‍എ കുറിച്ചു. ''ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ മാതൃകയില്‍ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാന്‍. എങ്കില്‍ മാത്രമേ നമുക്ക് സര്‍ക്കാരിന്റെയും സംഘത്തിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനാവൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ അധികാരത്തില്‍ തുടരുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ താന്‍ സര്‍ക്കാരിനൊപ്പമുണ്ടാവും. ഇല്ലെങ്കില്‍ രാജിവയ്ക്കും'- രേണുകാചാര്യ ഓര്‍മപ്പെടുത്തി. നെട്ടാരുവിന്റെ കൊലപാതകത്തില്‍ നിരവധി ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരുടെ രോഷം നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നാരോപിച്ച് നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ സ്വദേശിയായ യുവമോര്‍ച്ച പ്രവര്‍ത്തകനും കോഴിക്കട ഉടമയുമായ നെട്ടാരു വെട്ടേറ്റ് മരിച്ചത്.