ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കി കര്‍ണാടക; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ

മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഒരംഗത്തിന്റെ കുറവ് ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ആക്കി പാസാക്കാന്‍ തീരുമാനിച്ചത്.

Update: 2022-05-12 14:00 GMT

ബെംഗളൂരു: കര്‍ണാടകയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭാ അനുമതി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഒരംഗത്തിന്റെ കുറവ് ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ആക്കി പാസാക്കാന്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ പാസാക്കിയത്. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2021ല്‍ കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, നിയമസഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തില്‍ ബില്‍ ഓര്‍ഡിനന്‍സാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. അതേസമയം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് നിയമം പാസാക്കാന്‍ തിടുക്കമെന്തായിരുന്നെന്ന് പ്രതിപക്ഷം ചോദിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലോ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലോ ഒക്കെയാണ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കേണ്ടതെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വിമര്‍ശിച്ചു.

പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്‌സി/എസ്ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. ൂട്ട മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങള്‍ നിലവില്‍ ഉണ്ട്.

Tags:    

Similar News