കോവിഡ് നിയന്ത്രണം ലംഘിച്ച് ബിജെപി നേതാവിന്റെ മകളുടെ വിവാഹം; പങ്കെടുത്തവരില്‍ മുഖ്യമന്ത്രിയും
ബെംഗളൂരു: രാജ്യത്ത് കൊവിഡ് മരണം ആദ്യം റിപോര്‍ട്ട് ചെയ്ത കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിജെപി നേതാവായ എംഎല്‍എയുടെ മകളുടെ വിവാഹം. കര്‍ണാടക നിയമസഭാ കൗണ്‍സില്‍ അംഗം (എംഎല്‍സി) മഹന്തേഷ് കവതഗി മഠിന്റെ മകളുടെ ആഡംബര വിവാഹത്തില്‍ പങ്കെടുത്തവരാവട്ട മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരാണ്. ബെളഗാവി ഉയദംബാഗ് വ്യവസായ മേഖലയിലെ ഷാഗുന്‍ ഗാര്‍ഡന്‍സില്‍ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും ഉള്‍പ്പെടെ നിരവധി പേരാണെത്തിയത്. വിവാഹം ഉള്‍പ്പെടെയുള്ള ആള്‍ക്കുട്ടമുണ്ടാവുന്ന ചടങ്ങുകള്‍ പാടില്ലെന്ന നിയന്ത്രണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ലംഘിച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണുയരുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം മുഖ്യമന്ത്രിക്കും ഭരണകക്ഷി അംഗങ്ങള്‍ക്കും ബാധകമല്ലേ എന്നാണ് ചോദ്യമുയരുന്നത്. ജനം ഒത്തു കൂടുന്ന മാളുകളും മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളും ഒരാഴ്ചത്തേക്ക് അടച്ചിടുകയും പാര്‍ട്ടികളും കണ്‍വന്‍ഷനുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവര്‍ തന്നെയാണ് ആഡംബര വിവാഹം നടത്തിയത്. ബെംഗളൂരുവില്‍ നടക്കുന്ന വിവാഹപാര്‍ട്ടികളില്‍ 100 പേരിലധികം പങ്കെടുക്കാന്‍ പാടില്ലെന്ന് കാണിച്ച് കമ്മീഷണര്‍ ബി എച്ച് അനില്‍ കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറും ഉന്നതര്‍ക്ക് തടസ്സമായില്ലെന്നാണ് വിമര്‍ശനം.