കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റ കക്ഷിയാവും; തൂക്കുസഭയ്ക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോളുകള്‍

Update: 2023-05-10 17:03 GMT

ബെംഗളുരു: പ്രചാരണത്തിലെ വാക്‌പോര് പോലെ തന്നെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമാണെന്ന പ്രഖ്യാപനവുമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്ക് ഭരണ നഷ്ടം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിനും വ്യക്തമായ മേധാവിത്തം പറയുന്നില്ല. തൂക്കുസഭയുണ്ടാവുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനമുണ്ട്. അതേസമയം, എച്ച് ഡി കുമാരസ്വാമിയുടെ ജനതാ ദള്‍ സെക്യുലര്‍ (ജെഡിഎസ്) നിര്‍ണായക ശക്തിയാവുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. അതിനിടെ, കര്‍ണാടകയില്‍ 224 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ വൈകീട്ട് അഞ്ചുവരെ 65.69% പോളിങാണ് രേഖപ്പെടുത്തിയത്. 13 നാണ് വോട്ടെണ്ണല്‍.

    കോണ്‍ഗ്രസ് അനായാസം ഭരണം പിടിക്കുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രവചിച്ചപ്പോള്‍, കോണ്‍ഗ്രസിന് 122-140 വരെ സീറ്റുകളാണ് പറയുന്നത്. ബിജെപിക്ക് 62-80, ജെഡിഎസിന് 20-25, മറ്റുള്ളവര്‍ക്ക് 3 എന്നിങ്ങനെയാണ് ഈ എക്‌സിറ്റ് പോള്‍ പ്രവചനം. റിപ്പബ്ലിക് ടിവി-പി മാര്‍ക് സര്‍വേയിലും ബിജെപിക്ക് തോല്‍വിയെന്നാണ് പ്രവചനം. ബിജെപി : 85-100, കോണ്‍ഗ്രസ്: 94-108, ജെഡിഎസ്: 24-32, മറ്റുള്ളവര്‍: 2-6 എന്നിങ്ങനെ പ്രവചിക്കുന്നു. സീന്യൂസ്-മാട്രിസ്: ബിജെപി: 79-94, കോണ്‍: 103-118, ജെഡിഎസ്: 25-33, മറ്റുള്ളവര്‍: 2-5, സുവര്‍ണ: ബിജെപി: 94-117, കോണ്‍: 91-106, ജെഡിഎസ്: 14-24, ടിവി9-ഭാരത്‌വര്‍ഷ്-പോള്‍സ്ട്രാറ്റ്: ബിജെപി: 88-98, കോണ്‍: 99-100, ജെഡിഎസ്: 21-26, മറ്റുള്ളവര്‍: 0-4, ന്യൂസ് നേഷന്‍: സിജിഎസ്: ബിജെപി: 114, കോണ്‍: 86, ജെഡിഎസ്: 21, എബിപി-സീ വോട്ടര്‍: ബിജെപി: 83-95, കോണ്‍: 100-112, ജെഡിഎസ്: 21-29, മറ്റുള്ളവര്‍: 2-6, നവ്ഭാരത്: ബിജെപി: 78-92, കോണ്‍: 106-120, ജെഡിഎസ്: 20-26, മറ്റുള്ളവര്‍: 2-4, ജന്‍കിബാത്ത്: ബിജെപി: 88-98, കോണ്‍: 99-109, ജെഡിഎസ്: 14-24, മറ്റുള്ളവര്‍: 2-4.

Tags:    

Similar News