പാലിച്ചത് സോണിയാ ഗാന്ധിക്ക് നല്‍കിയ വാക്ക്; ജയത്തില്‍ വികാരധീനനായി ഡികെ
കനകപുര മണ്ഡലത്തില്‍ നിന്നു ജനവിധി നേടിയ ശിവകുമാര്‍ കൂറ്റന്‍ ജയമാണ് നേടിയത്.
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ കിങ് മേക്കറായ നേതാവാണ് ഡികെ. തിരഞ്ഞെടുപ്പില്‍ മിന്നും ജയത്തിന് ശേഷം ഡികെയെ കാണപ്പെട്ടത് വികാരധീനനായാണ്. എന്തു വില കൊടുത്തും പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തില്‍ കൊണ്ടുവരുമെന്ന് താന്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ ഉറപ്പായിരുന്നുവെന്നും ഡികെ പറഞ്ഞു. വിജയത്തിന്റെ ക്രഡിറ്റ് സിദ്ധരാമയ്യ അടക്കം എല്ലാ നേതാക്കള്‍ക്കും സമര്‍പ്പിക്കുന്നതായും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
'എല്ലാ കര്‍ണാടകക്കാര്‍ക്കും നമസ്‌കാരം. കര്‍ണാടകയിലെ ജനം ഞങ്ങളെ വിശ്വസിച്ചു. നേതാക്കള്‍ക്കാണ് ഈ വിജയത്തിന്റെ ക്രഡിറ്റ്. കൂട്ടായ യത്നത്തിന്റെ വിജയമാണിത്. എന്തു വില കൊടുത്തും കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരുമെന്ന് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് ഞാന്‍ കൊടുത്ത ഉറപ്പായിരുന്നു. ബിജെപി എന്നെ തിഹാര്‍ ജയിലിലടച്ച വേളയില്‍ സോണിയാ ഗാന്ധി എന്നെ സന്ദര്‍ശിക്കാന്‍ വന്നത് മറക്കാനാകില്ല. സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ നേതാക്കള്‍ക്കും നന്ദി. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകര്‍ അടക്കം എല്ലാവര്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ട്' - സിദ്ധരാമയ്യ പറഞ്ഞു.
കനകപുര മണ്ഡലത്തില്‍ നിന്നു ജനവിധി നേടിയ ശിവകുമാര്‍ കൂറ്റന്‍ ജയമാണ് നേടിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ അശോക മൂന്നാം സ്ഥാനത്തേക്ക് പോയി. ജെഡിഎസാണ് രണ്ടാമത്. നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ശിവകുമാറിന്റെ ജയം. ഇത് ഏഴാം തവണയാണ് ശിവകുമാര്‍ വിധാന്‍ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
2017 മുതല്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന നേതാവാണ് ശിവകുമാര്‍. 2019-20 കാലയളവില്‍ ഇദ്ദേഹത്തെ ജയിലിലടച്ചിരുന്നു. 104 ദിവസമാണ് ഇദ്ദേഹം ജയിലില്‍ കിടന്നിരുന്നത്.
അതിനിടെ, വോട്ടെണ്ണല്‍ പുരോഗമിക്കവെ 132 സീറ്റില്‍ ലീഡ് ചെയ്യുകയാണ് കോണ്‍ഗ്രസ്. ബിജെപി 65 സീറ്റിലും ജെഡിഎസ് 21 സീറ്റിലും ലീഡ് ചെയ്യുന്നു. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തോല്‍വിയോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നും ബിജെപി അധികാരത്തിന് പുറത്താകും.