മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം; കര്‍ണാടകയിലെ ബിജെപി മുന്‍ എംപിക്കെതിരേ കേസ്

അണുബോംബുകള്‍ സൃഷ്ടിച്ച ഹിന്ദുക്കള്‍ക്ക് പെട്രോള്‍ ബോംബുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് കരുതരുത്.

Update: 2024-09-26 11:09 GMT

ബെംഗളൂരു: ഇസ് ലാമോഫോബിക് പരാമര്‍ശങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കും കുപ്രസിദ്ധനായ മൈസൂരിലെ ബിജെപി മുന്‍ എംഎല്‍എ പ്രതാപ് സിംഹയ്ക്കെതിരേ കേസെടുത്തു. മുസ് ലിം സമുദായത്തിനെതിരായ പ്രകോപന പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തത്.

    സപ്തംബര്‍ 21 ന് കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ ഷാപൂര്‍ നഗരത്തില്‍ 'ഹിന്ദു മഹാ ഗണപതി വിസര്‍ജന ശോഭാ യാത്രയില്‍ സംസാരിക്കവെയാണ് വിദ്വേഷപ്രസംഗം നടത്തിയത്. ''എന്തുകൊണ്ടാണ് കല്ലെറിയുന്ന പ്രവണത മുസ് ലിംകളില്‍ മാത്രം കാണുന്നത്? എല്ലാ ഹിന്ദുക്കളും കൈയില്‍ ഒരു കല്ല് പിടിച്ചാല്‍, എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? എന്നായിരുന്നു സിംഹയുടെ പരാമര്‍ശം. അണുബോംബുകള്‍ സൃഷ്ടിച്ച ഹിന്ദുക്കള്‍ക്ക് പെട്രോള്‍ ബോംബുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് കരുതരുത്. ലോകത്തെ സോഫ്റ്റ്വെയര്‍ വ്യവസായം നടത്തുന്ന ഹിന്ദുക്കള്‍, അവര്‍ക്ക് നിങ്ങളെ ആക്രമിക്കാന്‍ കഴിയില്ലെന്ന് കരുതരുത്. എല്ലാ ഹിന്ദുക്കളും ഒരു കല്ല് കൈയിലെടുത്താല്‍, നിങ്ങള്‍ അധികകാലം നിലനില്‍ക്കില്ല എന്നിങ്ങനെയായിരുന്നു സിംഹയുടെ പരാമര്‍ശങ്ങള്‍.

    ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായെന്ന് ആരോപിച്ചതിനു പിന്നാലെയാണ് മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപ്രചാരണം നടത്തിയത്. പരാമര്‍ശങ്ങള്‍ വ്യാപകമായ പ്രതികരണത്തിന് കാരണമാവുകയും സാമുദായിക സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

    പ്രസംഗത്തെത്തുടര്‍ന്ന് മുസ് ലിം സമുദായാംഗങ്ങള്‍ സിംഹക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഷാപൂര്‍ ഇന്‍സ്‌പെക്ടര്‍ ഡിവി നായക്കിന്റെ നേതൃത്വത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സിംഹയ്ക്കും സംഭവവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരേ ബിഎന്‍എസ് സെക്ഷന്‍ 299 (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 192 (കലാപത്തിനുള്ള പ്രകോപനം) എന്നിവ പ്രകാരമാണ് കേസെടുത്തതെന്ന് ഇന്‍സ്പെക്ടറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാട്ടിയ മൂന്നുപേര്‍ക്ക് പ്രതാപ് സിംഹ സന്ദര്‍ശക പാസ് നല്‍കിയത് ഏറെ വിവാദമായിരുന്നു.

Tags:    

Similar News